കോടതിയുടെ പച്ചക്കൊടി ; പശ്ചിമകൊച്ചിയില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം
1490458
Saturday, December 28, 2024 5:48 AM IST
കൊച്ചി: പശ്ചിമ കൊച്ചിയില്‍ പുതുവത്സരവേളയില്‍ രണ്ടിടത്ത് പാപ്പാഞ്ഞികളെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുനീക്കണമെന്ന പോലീസ് നോട്ടീസ് സ്റ്റേ ചെയ്ത കോടതി, സുരക്ഷ പാലിക്കാന്‍ ഉപാധികളും വച്ചു.ഗാലാ ഡി ഫോര്‍ട്ട്കൊച്ചിയുടെ ഹര്‍ജിയിലാണ് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ നടപടി.
ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെയും വെളി മൈതാനത്ത് ഗാലാ ഡിയുടെയും നേതൃത്വത്തില്‍ പാപ്പാഞ്ഞികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് പാപ്പാഞ്ഞികള്‍ കത്തിക്കേണ്ടന്നായിരുന്നു പോലീസ് തീരുമാനം. വെളി മൈതാനത്ത് സ്ഥാപിച്ച പാപ്പാഞ്ഞിയെ എടുത്ത് മാറ്റണമെന്ന് സംഘാടകരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി നിര്‍ദേശിച്ചു. സുരക്ഷാ കാരണങ്ങളാണ് പോലീസ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഗാലാ ഡി ഹൈക്കോടതിയെ സമീപിച്ചത്.
ഇരു പക്ഷത്തുനിന്നും വിശദീകരണം തേടിയ ഹൈക്കോടതി, വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോട അനുമതി നല്‍കുകയായിരുന്നു. 70 അടി ചുറ്റളവില്‍ ഇവിടെ സുരക്ഷാ ബാരിക്കേഡുകള്‍ തീര്‍ക്കണമെന്നാണ് നിര്‍ദേശം.
ഇതോടെ കൊച്ചിന് കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരേഡ് മൈതാനത്തും ഗാലാ ഡി കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിക്കാന്‍ തടസങ്ങള്‍ നീങ്ങി.