ക്രിമിറ്റോറിയം നിർമാണം; കൗണ്‍സിൽ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു
1465252
Thursday, October 31, 2024 1:35 AM IST
കോതമംഗലം: ഡന്പിംഗ് യാഡിൽ ക്രിമിറ്റോറിയം നിർമിക്കുന്നത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചേർന്ന നഗരസഭ കൗണ്‍സിൽ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു.
പൊതുശ്മശാനവുമായി ബന്ധപ്പെട്ട് കോതമംഗലം നഗരസഭ കൗണ്‍സിൽ ഇന്നലെ ചേർന്ന യോഗമാണ് യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് നഗരസഭയിലെ ആറാം വാർഡ് ചെന്പിക്കോട് 50 സെന്റ് സ്ഥലം സർക്കാർ അനുവദിക്കുകയും അവിടെ ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് കൗണ്‍സിൽ തുടർ പ്രവർത്തനം നടത്തിവരികയും ചെയ്തിരുന്നു. ഇപ്പോൾ നഗരസഭയിലെ ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് എൽഡിഎഫ് എടുത്ത തീരുമാനം പുനപരിശോധിക്കണമെന്ന് യുഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
മൃതദേഹങ്ങൾ ഏറ്റവും ആദരവോടെ സംസ്കരിക്കേണ്ട സാഹചര്യത്തിൽ നഗരസഭയിലെ മുഴുവൻ മാലിന്യങ്ങളും തള്ളുന്ന സ്ഥലത്ത് ക്രിമിറ്റോറിയം സ്ഥാപിക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് യുഡിഎഫ് ആരോപിച്ചു.
അറവു മാലിന്യങ്ങളും മറ്റും തള്ളുന്ന ഡബ്ബിങ് യാഡിൽ ക്രിമിറ്റോറിയം സ്ഥാപിക്കുന്നത് ശരിയല്ലെന്ന് യുഡിഎഫ് അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബഹിഷ്കരണത്തിനെതിരേ നഗരസഭ ഭരണസമിതി
കോതമംഗലം: നഗരസഭ പൊതുശ്മശാനവുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ പൂർത്തികരിച്ച് ടെണ്ടർ നടപടിയിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് യുഡിഎഫ് കൗണ്‍സിലർമാർ പൊതുശ്മശാനത്തിനെതിരെ രംഗത്ത് വന്നിട്ടുള്ളതെന്ന് നഗരസഭ ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. കോതമംഗലത്തെ നിരവധി സാമുദായിക സംഘടനകളും രാഷ്ട്രീയ പർട്ടികളും പൊതുശ്മശാനത്തിനു വേണ്ടി നിരവധി സമരങ്ങൾ നടത്തുകയുണ്ടായി.
നഗരസഭാധ്യക്ഷൻ കെ.കെ. ടോമിയുടെ നേതൃത്വത്തിൽ ആന്റണി ജോണ്‍ എംഎൽഎയുടെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടുകൂടി കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് ക്രമിറ്റേറിയം യാഥാർഥ്യത്തിലേക്ക് കടക്കുന്പോഴാണ് യുഡിഎഫ് കൗണ്‍സിലർമാർ ബഹിഷ്കരണവുമായി വന്നിട്ടുള്ളതെന്നും ഭരണപക്ഷം കുറ്റപ്പെടുത്തി.
ഇംപാക്ട് കേരളയുമായി എംഒയു (ക്രിമിറ്റോറിയം പണി പൂർത്തികരിക്കുന്നതിനു വേണ്ടി താല്കാലികമായി സ്ഥലം ഇംപാക്ട് കേരളക്ക് കൈമാറുന്ന കരാർ) ഒപ്പുവയ്ക്കുന്നതിന്റെ ഭാഗമായി ഇന്നലെ ചേർന്ന കൗണ്‍സിൽ അംഗീകാരം തേടുന്നതിന് വേണ്ടിയാണ് അജണ്ട ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ അജണ്ടയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൗണ്‍സിലർമാർ കൗണ്‍സിൽ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയാണ് ഉണ്ടായതെന്ന് ഭരണപക്ഷം പറഞ്ഞു.
യുഡിഎഫ് കൗണ്‍സിലർമാരുടെ ബഹിഷ്കരണം കോതമംഗലത്തെ പൊതുശ്മശാനത്തിനെതിരെയുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, വൈസ് ചെയർപേഴ്സണ്‍ സിന്ധു ഗണേഷ്ൻ, കെ.എ. നൗഷാദ്, രമ്യ വിനോദ്, കെ.വി. തോമസ്, ബിൻസി തങ്കച്ചൻ, സിജോ വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.