വയനാടിനു കൈത്താങ്ങായി ബസുടമകള്‍ സമാഹരിച്ച തുക കൈമാറി
1465147
Wednesday, October 30, 2024 7:18 AM IST
അങ്കമാലി: വയനാട് ദുരന്തബാധിതര്‍ക്കായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അങ്കമാലി - കാലടി -അത്താണി മേഖലയിലെ ബസുകളില്‍നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി സംസ്ഥാന ഭാരവാഹികള്‍ക്ക് കൈമാറി. ഓഗസ്റ്റ് ഏഴ്, എട്ട്, ഒൻപത് തീയതികളില്‍ 110 ബസുകളില്‍ നിന്നായി 9,10,551 രൂപയാണ് സമാഹരിച്ചത്.
ഉടമകള്‍ ഒരു ദിവസത്തെ വരുമാനം പൂര്‍ണമായും നല്‍കിയും ജീവനക്കാര്‍ തങ്ങളുടെ വേതനം ഉപേക്ഷിച്ചും ടിക്കറ്റ് ഇല്ലാതെ പകരം ബക്കറ്റുമായി നടത്തിയ സര്‍വീസില്‍ യാത്രക്കാര്‍ തങ്ങളുടേതായ സംഭാവനയും നല്‍കിയാണ് സംരംഭത്തെ വിജയിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് എ.പി. ജിബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്തു.