പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു, ഒരാഴ്ച പിന്നിട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപം
1465143
Wednesday, October 30, 2024 7:18 AM IST
മൂവാറ്റുപുഴ: ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം. മൂവാറ്റുപുഴ നഗരസഭ 22-ാം വാർഡിൽ പുഴക്കരക്കാവ് ദേവീക്ഷേത്രത്തിന് മുന്നിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായിട്ടും നടപടി സ്വീകരിക്കാൻ വാട്ടർ അഥോറിറ്റി അധികൃതർ ഇതുവരെയും തയാറാകാത്തതാണ് പ്രതിഷേധത്തിന് കാരണം.
കാവുംപടിയിലേതുൾപ്പെടെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ളമാണ് പാഴാകുന്നത്. പുഴയോര നടപ്പാതയിലേക്ക് ഇറങ്ങുന്ന വെള്ളം പടവുകളിൽ കൂടിയൊഴുകി മൂവാറ്റുപുഴയാറിലേക്കാണ് പതിക്കുന്നത്. ഇതോടെ പടവുകൾ വെള്ളമൊഴുകി പായലും ചെളിയും നിറഞ്ഞ് അപകടാവസ്ഥയിലുമായി. പടവുകളിൽ കൂടി ഇറങ്ങുന്നവർ കാൽവഴുതി വീണ് അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്.
പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാർഡ് കൗണ്‍സിലർ രാജശ്രീ രാജു വാട്ടർ അഥോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഒന്നുംതന്നെ ഇതുവരെയും ഉണ്ടായിട്ടില്ല. മാസങ്ങൾക്ക് മുന്‍പും ക്ഷേത്രത്തിനു സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയിരുന്നു.
ദീർഘനാളുകൾക്കു ശേഷം പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് അന്ന് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഉത്സവ നാളുകൾ അടുത്തിരിക്കുന്ന ക്ഷേത്രത്തിന്റെ പരിസരത്ത് അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വാട്ടർ അഥോറിറ്റിക്കെതിരെ പൈപ്പ് പൊട്ടലും ജലവിതരണം തടസപ്പെടലുമടക്കം നിരവധി പരാതികളാണ് ഉയരുന്നത്.