മത്സ്യകൃഷി പദ്ധതി തുടങ്ങി
1464718
Tuesday, October 29, 2024 1:47 AM IST
മൂവാറ്റുപുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിൽ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ തുടക്കമായി. മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളം ചിറയിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത 62 കുളങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
കട്ല, രോഹു, മൃഗാൾ, ഗ്രാസ്, കാർപ്പ് ഇനങ്ങളിൽപ്പെട്ട 53,310 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മീനുകളെ സംരക്ഷിക്കുന്നതിന് മോണിട്ടറിംഗ് സമിതിയെ ഓരോ കുളത്തിനും ഏർപ്പെടുത്തിയിട്ടുണ്ട്. വളർച്ചയെത്തിയ മീനുകൾ വിളവെടുപ്പ് നടത്തി ലേലം ചെയ്ത് വിൽക്കും. പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി മുഖ്യപ്രഭാഷണം നടത്തി.