പിറവം ബിപിസിയിൽ മെഗാ അലുമ്നി മീറ്റ് നാളെ
1454609
Friday, September 20, 2024 3:55 AM IST
പിറവം: ബിപിസി കോളജിലെ സിൽവർ ജൂബിലി മെഗാ പൂർവവിദ്യാർഥി സംഗമം നാളെ നടക്കും. ലോകമെമ്പാടുമുള്ള പൂർവ വിദ്യാർഥികളും മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുമായി ആയിരത്തോളം പേർ പങ്കെടുക്കും.
രാവിലെ 10ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംഗമം കോളജ് മാനേജർ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. സ്ഥാപക പ്രിൻസിപ്പലായ പ്രഫ. ബേബി എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തും.
കോളജിൽനിന്ന് ആദ്യം പഠിച്ചിറങ്ങിയ 1998 വർഷത്തെ പൂർവ വിദ്യാർഥികളെ സംഗമത്തിൽ ആദരിക്കും. മാധ്യമ പ്രവർത്തനം, സിനിമ, സാഹിത്യം, മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, കോമേഴ്സ്, ഇലക്ട്രാണിക്സ് മുതലായ മേഖലകളിൽ അവാർഡുകളും അംഗീകാരവും നേടിയ പൂർവ വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെക്കും.
അന്തരിച്ച പൂർവവിദ്യാർഥികൾക്കും മാനേജ്മെന്റ് പ്രതിനിധികൾക്കും ജീവനക്കാർക്കും ആദരാജ്ഞലികളർപ്പിക്കും. പൂർവവിദ്യാർഥികളുടെ ഗാനമേളയും വിവിധ കലാപരിപാടികളും നടക്കും.