ദിലു മാളിയേക്കലിന് മികച്ച ഡിസൈൻ സ്റ്റുഡന്റ് അവാർഡ്
1453203
Saturday, September 14, 2024 3:27 AM IST
മൂവാറ്റുപുഴ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്റെ മികച്ച ഡിസൈൻ സ്റ്റുഡന്റ് അവാർഡ് മൂവാറ്റുപുഴ സ്വദേശിനിക്ക്. കമ്യൂണിക്കേറ്റീവ് ഡിസൈൻ ബിരുദധാരിയും മൂവാറ്റുപുഴ കിഴക്കേക്കര മാളിയേക്കൽ റിട്ട. കൃഷി ഓഫീസർ എം.എച്ച്. ഷബീറിന്റെയും മേക്കടമ്പ് ഗവ. എൽപി സ്കൂൾ പ്രധാന അധ്യാപിക എം.എൽ. സുനിതയുടെയും മകൾ ദിലു മാളിയേക്കലിനാണ് അവാർഡ് ലഭിച്ചത്.
മികച്ച പ്രോജക്ടുകളായ സരീല - ദി സെക്കൻഡ് പോയ്സണിംഗ്, ഭഗവത് - ദി റിബലിയൻ എന്നീ ഡോക്യുമെന്ററികളും അൽവിദ - ദി ലാസ്റ്റ് ഗുഡ് ബൈ എന്ന ഷോർട്ട് ഫിലിമും വിലയിരുത്തിയാണ് അവാർഡ് നൽകിയത്.
പൂന റിട്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന ഡിസൈൻ ഇന്ത്യ ഷോയിൽ അവാർഡ് സമ്മാനിച്ചു. ദിലു സംവിധാനം ചെയ്ത സരീല - ദി സെക്കൻഡ് പോയ്സണിംഗ് ഭോപ്പാൽ പ്രകൃതി വാതക ദുരന്തത്തിന്റെ അനന്തരഫലങ്ങൾ ദൃശ്യവത്ക്കരിക്കുന്നതാണ്.
ഭഗവത് - ദി റീബല്യൺ എന്ന ഡോക്യുമെന്ററിയിൽ ചമ്പൽക്കാടുകളിലെ കൊള്ളക്കാരുടെ അതിജീവനത്തിന്റെ കഥയാണ് പ്രമേയം. രണ്ട് ഡോക്യുമെന്ററികൾക്കും 2023 -24 വർഷങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഇവർ സംവിധാനം ചെയ്ത അൽവിദ - ദ ലാസ്റ്റു ഗുഡ്ബൈ എന്ന ഷോർട്ട് ഫിലിമിനു അന്താരാഷ്ട്ര അവാർഡ് ലഭിച്ചിരുന്നു.
കേരളത്തിൽ ഐഡിഎസ്എഫ്കെയിലും തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വ ചിത്രം ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത യാതനകളും സ്ത്രീകൾ നേരിടുന്ന പരിമിതികളും ഉൾപ്പെടുന്ന സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.
പ്ലസ്ടു പഠനത്തിന് ശേഷം എൻഐഡി എൻട്രൻസ് എഴുതി മധ്യപ്രദേശിലെ എൻഐഡിയിൽ പ്രവേശനം നേടി കമ്യൂണിക്കേഷൻ ഡിസൈനിൽ ബിരുദം സമ്പാദിക്കുകയായിരുന്നു. ഇപ്പോൾ ഫിലിം മേക്കർ ആയി ബംഗളൂരുവിൽ ജോലി ചെയ്യുന്നു. സഹോദരൻ നിബിൻഷാ ദുബൈയിൽ ഡോക്ടറാണ്.