അപകടമൊഴിവാക്കാന്‍, സുരക്ഷയൊരുക്കാന്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് സംയുക്ത പരിശോധന
1488362
Thursday, December 19, 2024 7:11 AM IST
കോട്ടയം: ജില്ലയില്‍ വിവിധ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്നുള്ള സംയുക്ത പരിശോധനകള്‍ ആരംഭിച്ചു. റോഡപകടങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഒരു മാസത്തേക്കു നടത്തുന്ന സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണു ബോധവത്കരണവും പരിശോധനകളുമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും റോഡിലിറങ്ങിയത്.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞു ജില്ലയെ വിവിധ സോണുകളായി തിരിച്ച് ഓരോ പോലീസ് സ്റ്റേഷന് പരിധികളിലുമുള്ള ബ്ലാക്ക് സ്പോട്ടുകള്‍ കേന്ദ്രീകരിച്ചു രണ്ടു മൂന്നും മണിക്കൂറുകളാണ് പരിശോധനകള്‍ നടത്തുന്നത്. ഈ റോഡുകളിലുടെ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായി നിര്‍ദേശങ്ങളും ബോധവത്കരണവും നല്‍കും.
മദ്യപിച്ചു വാഹനമോടിക്കല്‍, ഇടതുവശം ചേര്‍ന്നു വാഹനം ഓടിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താക്കീത് നല്‍കും. പ്രായപൂര്‍ത്തിയാകാത്തവരും ലൈസന്‍സില്ലാത്തവരും വാഹനങ്ങള്‍ ഓടിക്കുന്നതു കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും ആര്‍സി ഉടമയെയും പ്രായപൂര്‍ത്തിയാകാത്തവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി ബോധവത്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.
ഇന്നലെ രാവിലെ പാമ്പാടി പോലീസ് സ്റ്റേഷന് പരിധിയില്‍ കെകെ റോഡിലുള്ള ബ്ലാക്ക് സ്പോട്ടുകളിലായിരുന്നു പരിശോധന നടത്തിയത്. തുടര്‍ന്നു പൊന്‍കുന്നം, മണിമല സ്റ്റേഷന് പരിധികളിലും സമാനമായ രീതിയില്‍ പരിശോധനകള്‍ നടത്തി. ഇന്ന് ഏറ്റുമാനൂര്‍ സോണിലായിരിക്കും പരിശോധന.
രാവിലെ അടിച്ചിറമുതല് പട്ടിത്താനം വരെയും പിന്നീട് കിടങ്ങൂരിലും ആണ്ടൂരിലും പരിശോധകള്‍ നടത്തും. നാളെ രാവിലെ കോട്ടയം ബേക്കര്ജംഗ്ഷന് -ഗാന്ധിനഗര്‍ റോഡിലും പിന്നീട് സംക്രാന്തിയിലും കളത്തിപ്പടിയിലും പരിശോധന നടത്തും.
ജനുവരി 16 വരെയുള്ള ദിവസങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും പരിശോധനകളുമായി റോഡിലുണ്ടാകും. ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്ന അപകട മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ടിഒ കെ. ശ്രീജിത്ത്, കോട്ടയം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എംവിഐ ജോസ് ആന്റണി, എഎംവിഐമാരായ കെ.പി. മനേഷ്, എച്ച്. രജീഷ്, എസ്ഐ സുനില്‍കുമാര്‍, സിപിഒമാരായ രമേശ്, സുധീഷ്കുമാര്‍ എന്നിവരാണ് ഇന്നലെ പാമ്പാടി, പൊന്‍കുന്നം, മണിമല മേഖലകളില്‍ പരിശോധനകള്‍ക്കു നേതൃത്വം നല്‍കിയത്.