ഡ്രൈവിംഗിനിടെ ഹൃദയാഘാതമുണ്ടായിട്ടും സമയോചിത ഇടപെടലില്‍ യാത്രക്കാരെ രക്ഷിച്ച ബസ് ഡ്രൈവര്‍ക്ക് ആദരവ്
1488119
Wednesday, December 18, 2024 7:25 AM IST
ചങ്ങനാശേരി: ഹൃദയാഘാതം സംഭവിച്ചിട്ടും സമയോചിതമായ ഇടപെടല്‍കൊണ്ട് യാത്രക്കാരുടെ ജീവന് രക്ഷിച്ച ബസ് ഡ്രൈവറെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തി ജോബ് മൈക്കിള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സന്നിഹിതനായിരുന്നു.
ചുങ്കപ്പാറയില്‍നിന്ന് ചങ്ങനാശേരിയിലേക്ക് നിറയെ യാത്രക്കാരുമായി വരുന്നതിനിടെയാണ് ബസ് ഡ്രൈവര്‍ പ്രദീപ് ആര്. നായര്‍ക്ക് (49) കുരിശുംമൂട്ടില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചത്. പ്രതികൂലമായ ആരോഗ്യസ്ഥിതിയിയെങ്കിലും മനഃശക്തിയോടെ ഇദ്ദേഹം യാത്രക്കാരെ സുരക്ഷിതരാക്കാനായി ബസ് സമയോചിതമായി ഡിവൈഡറില്‍ ഇടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ഒമ്പതിന് രാവിലെ ഏഴിനായിരുന്നു സംഭവം.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തിച്ചപ്പോൾ അതീവ ഗുരുതരമായിരുന്ന ഡ്രൈവറുടെ ജീവന് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. റൂബന്‍ വറുഗീസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇരുപത് റൗണ്ടോളം സിപിആര്‍ നല്‍കിയാണ് തിരികെക്കൊണ്ടുവന്നത്. തുടര്‍ന്ന് സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റും ഹൃദ്രോഗചികിത്സാ വിഭാഗം മേധാവിയുമായ ഡോ. ജോജി ബോബന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വെന്റിലേറ്ററിന്റെ സഹായത്തോടെ രോഗിയെ രക്ഷിക്കുകയും ചെയ്തു.
എല്ലാ വിധത്തിലുള്ള അടിയന്തര ഘട്ടങ്ങളെയും തരണം ചെയ്യാന്‍ ആവശ്യമായ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ചെത്തിപ്പുഴ ആശുപത്രിയില്‍ 24 മണിക്കൂറും ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.