എസ്ജെസിസി ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ പ്രകാശനം
1488335
Thursday, December 19, 2024 7:06 AM IST
കുരിശുംമൂട്: ദക്ഷിണേന്ത്യയിലെ പ്രമുഖ മാധ്യമ പഠന കേന്ദ്രമായ ചങ്ങനാശേരി സെന്റ് ജോസഫ് കോളജില്‍ നിന്നു പുറത്തിറങ്ങുന്ന എസ്ജെസിസി ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന ജേര്‍ണല്‍ സൂക്ഷ്മദര്‍ശിനി എന്ന സിനിമയുടെ സംവിധായകനായ എം.സി. ജിതിന് അതേ സിനിമയുടെ തിരക്കഥാകൃത്ത് ലിബിനു നല്കി പ്രകാശനം ചെയ്തു. പ്രകാശനം നിര്‍വഹിച്ച ജിതിന്, ലിബിന് എന്നിവര്‍ ഈ കോളജിലെ പൂർവവിദ്യാര്ഥികളാണ്.
കോളജിന്റെ തന്നെ ഭാഗമായ എംവി തിയറ്ററില്‍ നടന്ന ചടങ്ങില്‍ കോളജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍, എഡിറ്റര്‍ റവ.ഡോ. ജിന്റോ മുരിയങ്കരി, ഡോ. ലിങ്കണ് കെ. ജോര്‍ജ്, ഡോ. മുത്തു യു.റ്റി. എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് ജോസഫ് കോളജിന്റെ മറ്റു സംരംഭങ്ങളായ 90.8 റേഡിയോ മീഡിയ വില്ലേജ്, 235 സീറ്റുകളുള്ള സിനിമ തിയറ്റര്‍, എംവി ടിവി, മീഡിയ വില്ലേജ് സ്റ്റുഡിയോസ്, മീഡിയ വില്ലേജ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മീഡിയാസിസ് എന്നിവയ്ക്കൊപ്പം മാധ്യമ പഠന രംഗത്ത് ശ്രദ്ധേയമാകാനുള്ള ഒരുക്കത്തിലാണ് ഈ റിസര്‍ച്ച് ജേര്‍ണല്‍.