കുളവിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കര്ഷകന് പരിക്കേറ്റു
1488347
Thursday, December 19, 2024 7:06 AM IST
കടുത്തുരുത്തി: കൃഷിപ്പണിക്കിടെ കുളവിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കര്ഷകന് പരിക്കേറ്റു. കാപ്പുന്തല കരോട്ട് കാമ്പടത്തില്‍ ജോയി ജോസഫിന്(56) ആണ് കുത്തേറ്റത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തെ പറമ്പില്‍ കൃഷിപ്പണികള്‍ ചെയ്യുന്നതിനിടെയാണ് സംഭവം.
കൂട്ടമായെത്തിയ കുളവികള്‍ ജോയിയുടെ തലയിലും മുഖത്തും കുത്തുകയായിരുന്നു. രക്ഷപ്പെടാൻ ഏറെദൂരം ഓടിയ ജോയി സമീപത്തെ കനാലില്‍ ചാടിയാണ് രക്ഷപ്പെട്ടത്.
ഓടിക്കൂടിയ നാട്ടുകാര്‍ ജോയിയെ കടുത്തുരുത്തി സഹകരണ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് തെള്ളകത്തെ ആശുപത്രിയിലേക്ക് മാറ്റി. ജോയി അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.