ആത്മവിശ്വാസത്തിന്റെ കുറവ് പരിഹരിക്കപ്പെടണം: മാര്‍ തോമസ് തറയില്‍
1488294
Thursday, December 19, 2024 6:39 AM IST
പാലാ: ക്രൈസ്തവജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിക്കാന്‍ ആഹ്വാനം ചെയ്ത് ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. പാലാ രൂപതയിലെ വൈദിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൈസ്തവജീവിതം ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ നമ്മള് പിറകോട്ട് പോയി.
നമ്മുടെ ഐഡന്റിറ്റി ഏറ്റവും പ്രകടമായ രീതിയില്‍ നമ്മള് ജീവിക്കണം. കൂടപ്പിറപ്പുകള്‍ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കണമെന്നും ആർച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വൈദികകൂട്ടായ്മയ്ക്ക് നേതൃത്വം നല്കി.
വൈദിക കൂട്ടായ്മകള്‍ അടിയുറച്ച കൂട്ടായ്മകളാണെന്നും അത് രൂപതയ്ക്ക് എന്നും ശക്തിയുമാണെന്ന് ബിഷപ് ഓര്‍മിപ്പിച്ചു. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ സാന്നിധ്യം വൈദികകൂട്ടായ്മയ്ക്ക് കരുത്തേകി. സമുദായസ്നേഹവും കൂട്ടായ്മയും ഉത്തരോത്തരം വളര്‍ത്തണമെന്ന് മാർ ജോസഫ് പള്ളിക്കാപറന്പിൽ പറഞ്ഞു. പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാളുമാരായ റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍, റവ. ഡോ. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സലര്‍ റവ. ഡോ. ജോസഫ് കുറ്റിയാങ്കല്‍, രൂപത പ്രൊക്യുറേറ്റര്‍ റവ. ഡോ. ജോസഫ് മുത്തനാട്ട് തുടങ്ങിയവര്‍ സമ്മേളനത്തിനു നേതൃത്വം നല്കി.