വിശ്വാസ ആചാരസ്ഥാനങ്ങൾ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണം: ദളിത് - ആദിവാസി സംഘടനകള്‍
1488137
Wednesday, December 18, 2024 7:32 AM IST
കോട്ടയം: ദളിത്, ആദിവാസി വിഭാഗങ്ങളുടെ കാവുകള്‍, പതികള്‍, കോട്ടം, ശ്മശാനം തുടങ്ങിയ വിശ്വാസ ആചാരസ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട ഭൂമിയും സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ക്ഷേമ ബോര്‍ഡിന് രൂപം നല്‍കണമെന്നും വിവിധ ദളിത് - ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
ദളിത്-ആദിവാസി വിഭാഗങ്ങളുടെ പാരമ്പര്യസമുദായ ശ്മശാനങ്ങള്‍ കൈയേറുന്നത് തടയുന്നതിനായി 1970ല്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും നടപ്പാക്കാറില്ല. എസ്സി/എസ്ടി വിഭാഗങ്ങളുടെ വിശ്വാസ സ്ഥാപനങ്ങള്‍ കൈയേറുന്നത് കുറ്റകൃത്യമാണെന്ന് 1989-ലെ എസ്സി/ എസ്ടി അതിക്രമം തടയല്‍ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം കാവുകളും പതികളും നിലനില്‍ക്കുന്ന ഭൂമിക്ക് പട്ടയമോ, മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ ഭൂമി അന്യാധീനപ്പെട്ടാലും കേസെടുക്കാറില്ല.
നിയമനിര്‍മാണത്തിനു മുന്നോടിയായി സര്‍ക്കാര്‍ ഉത്തരവോ ഓര്‍ഡിനന്‍സോ പുറപ്പെടുവിക്കാനും സര്ക്കാരിനോടാവശ്യപ്പെടുമെന്നു ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എം. ഗീതാനന്ദന്, വി.സി. സുനില്‍, കുഞ്ഞുമോന് പുളിക്കല്‍, സി.കെ. ഷീബ, ടി.കെ. രാധാമണി, സി.ജെ. തങ്കച്ചന്, ശ്രീജിത്ത് പി. ശശി, വി. ജീവാനന്ദ്, ഉഷ തമ്പി എന്നിവര്‍ പങ്കെടുത്തു.