അഡ്വ. പി.ജെ. ജോസഫ്കുഞ്ഞ് ഓർമയായി
1488297
Thursday, December 19, 2024 6:39 AM IST
കാഞ്ഞിരപ്പള്ളി: സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പുതിയാപറന്പിൽ അഡ്വ. പി.ജെ. ജോസഫ്കുഞ്ഞ് (99) ഓർമയായി. എറണാകുളം ലോ കോളജിൽനിന്ന് ബിഎൽ ഉയർന്ന നിലയിൽ പാസായി. ഹ്രസ്വകാലം ചങ്ങനാശേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
തുടർന്ന് കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. വിമോചന സമരകാലത്ത് ജയിലിലടയ്ക്കപ്പെട്ടു. കോൺഗ്രസ് നെടുംകുന്നം മണ്ഡലം പ്രസിഡന്റ്, വാഴൂർ ബ്ലോക്ക് പ്രസിഡന്റ്, കോട്ടയം ഡിസിസി സെക്രട്ടറി, പ്രസിഡന്റ് (1972-74), കെപിസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നെടുംകുന്നം സർവീസ് സഹകരണ ബാങ്ക്, റബർ മാർക്കറ്റിംഗ് സഹകരണസംഘം എന്നിവയുടെ പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. റബർ ബോർഡ് അംഗം ആയിരുന്നു.
പാറത്തോട് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ പൊടിമറ്റം - ആനക്കല്ല് റോഡ് സ്ഥലം ഏറ്റെടുത്ത് പൂർത്തിയാക്കി. ശാന്തവും സൗമ്യവുമായ പ്രവർത്തനശൈലി പി.ജെ. ജോസഫ് കുഞ്ഞിന്റെ മുഖമുദ്രയാണ്. സ്വാതന്ത്ര്യ സമരകാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇദ്ദേഹം മികച്ച ഒരു ഗ്രന്ഥശേഖരത്തിന്റെ ഉടമയുമാണ്.
99-ാം വയസിലും തെളിഞ്ഞ ഓർമയുണ്ടായിരുന്ന ഇദ്ദേഹത്തിന് പഴയകാല സംഭവങ്ങളെല്ലാം കൃത്യമായി തീയതി സഹിതം പറയുമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടക്കും.