അമിതവേഗവും ട്രാഫിക് നിയമലംഘനങ്ങളും; റോഡുകളില്‍ അപകടം പതിയിരിക്കുന്നു
1488141
Wednesday, December 18, 2024 7:32 AM IST
കോട്ടയം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകുകയും ആലപ്പുഴ കളര്‍കോടും പാലക്കാട് പനയംപാടത്തും കോന്നിയിലും റോഡപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിയുകയും ചെയ്തതോടെ കര്‍ശന പരിശോധനയും നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. എംസി റോഡും പുനലൂര്‍-മൂവാറ്റുപുഴ റോഡും ഉള്‍പ്പെടെ പ്രധാന റോഡുകള്‍ കടന്നുപോകുന്ന ജില്ലയില്‍ നിരവധി അപകട സ്പോട്ടുകളാണുള്ളത്. ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്നതും ജില്ലയിലെ റോഡുകളിലൂടെയാണ്.
എംസി റോഡില്‍ പുതുവേലിയിലും വൈക്കം കവലയും അപകട സ്പോട്ടാണ്. ഈ വര്‍ഷംതന്നെ ഇവിടെ 50ലധികം അപകടങ്ങള്‍ ഉണ്ടായി. കൂത്താട്ടുകുളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഡിവൈഡര്‍ കാണാനാകാത്തതും സിഗ്നല്‍ സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് അപകട കാരണം. നാറ്റ്പാക്ക് സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇവിടെ ഒരു തുടര്‍ നടപടിയുമുണ്ടായിട്ടില്ല.
എംസി റോഡില്‍ ഏറ്റുമാനൂര്‍ മുതല്‍ ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് ജംഗ്ഷന് വരെയും അപകടമേഖലയാണ്. ഈ വര്‍ഷം ഈ മേഖലയിലുണ്ടായ അപകടത്തില്‍ മൂന്നു മരണങ്ങളുണ്ടായി. വാഹനങ്ങളുടെ അമിതവേഗവും വളവുകളുമാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തുടരെ എത്തുന്ന ഗാന്ധിനഗര്‍ ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പാലാ-പൊന്‍കുന്നം റോഡിലും ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നു മുതല്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും സംയുക്തമായി റോഡിന്റെ ഘടനയും അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളും പരിശോധിക്കാനെത്തും.
ശബരിമല പാതയില്‍ അട്ടിവളവും കണമല ഇറക്കവും
കണമല: ഏതു നിമിഷവും ദുരന്തം സംഭവിക്കാവുന്ന ഇടങ്ങളായി അട്ടിവളവും കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും. എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള റോഡിലെ കൊടുംവളവുകളും അശാസ്ത്രീയ നിര്‍മിതിയും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
പോലീസും ഗതാഗത വകുപ്പും എരുമേലി മുതല്‍ പമ്പവരെ കൊടും വളവുകളിലും പാതയോരങ്ങളിലും രാവും പകലും ചിട്ടയായ നിര്‍ദേശങ്ങളുമായി നിലകൊള്ളുന്നതുകൊണ്ടാണ് പാത സുരക്ഷിതമാകുന്നത്. കണമല - നിലയ്ക്കല്‍ വനപാതയില്‍ കൊടും വളവുകള്‍ നിരവധിയാണ്. ഇതോടകം പത്തിലേറെ വലിയ അപകടങ്ങളിലായി അന്‍പതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അപകടക്കെണിയായ അട്ടിവളവ് നിവര്‍ക്കാനോ വീതി കൂട്ടാനോ ശാസ്ത്രീയമായി പുനര്‍ നിര്‍മിക്കാനോ യാതൊരു നടപടിയുമായിട്ടില്ല.
കഴിഞ്ഞദിവസവും അയല്‍ സംസ്ഥാനത്തുനിന്നുള്ള തീര്‍ഥാടകരുടെ മിനി ബസ് അട്ടിവളവില്‍ മറിഞ്ഞു. റോഡിന്റെ അശാസ്ത്രീയ നിര്‍മിതിയാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്കു കാരണമെന്ന് നാറ്റ്പാക്ക് കണ്ടെത്തിയിരുന്നു. കണമല കവലയിലേക്കുള്ള കുത്തിറക്കത്തില്‍ വാഹനങ്ങള്ക്കെടുക്കാവുന്ന പരമാവധി വേഗമോ ജാഗ്രതാ നിര്‍ദേശങ്ങളോ അപരിചിതരായ ഡ്രൈവര്‍മാര്‍ക്ക് അറിയില്ല. സുരക്ഷിതമായ വേഗത്തിലോ സുരക്ഷിത ഗിയറിലോ അല്ലാതെ ഇറങ്ങുന്ന വാഹനങ്ങള്‍ കൊടും വളവില്‍ നിയന്ത്രിക്കുക അസാധ്യമാണ്.
രണ്ടു മാസം കാമറയില്‍ കുടുങ്ങിയത് 28,515 പേർ
കോട്ടയം: വഴിനീളെ കാമറയും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയുമുണ്ടെങ്കിലും റോഡുകളില്‍ നഗ്നമായ നിയമലംഘനങ്ങളാണ് നടക്കുന്നത്. ഹെല്‍മറ്റും സീറ്റ് ബെല്റ്റുമില്ലാത്ത യാത്രയ്ക്ക് കുറവില്ല. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ടിപ്പറുകളുടെ സമയം തെറ്റിയുള്ള സഞ്ചാരവും അമിത വേഗവും പതിവാണ്. ആഡംബര ബൈക്കുകളിലും കാറുകളിലുമുള്ള ചീറിപ്പായലും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഇവ തടയുവാന്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും സാധിക്കുന്നില്ല.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 44 എഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. മോട്ടോര്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കണക്കു പ്രകാരം കാമറയിലൂടെയും മോട്ടോര്‍ വാഹനവകുപ്പിന്റെ സ്പീഡ് റഡാര്‍ സംവിധാനമുള്ള വാഹനത്തിലൂടെയുമുള്ള പരിശോധനയില്‍ ഒക്ടോബര്‍ മാസത്തില്‍ 12,115 പേര്‍ക്കും നവംബര്‍ മാസത്തില്‍ 16,400 പേര്‍ക്കും പിഴ നല്‍കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചവ ഉള്‍പ്പെടെയുള്ള മറ്റു നിയമലംഘനങ്ങള്‍ക്ക് വേറെ കേസുകളുമുണ്ട്.
ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയാൽ അപകടം ഉറപ്പ്
അടുത്തനാളില്‍ ജില്ലയിലുണ്ടായ പല അപകടങ്ങളും ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നതുമൂലമാണ്. ഇന്നലെ പാലായ്ക്കു സമീപം പൂവരണിയിലുണ്ടായ കാറപകടത്തിലും ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. രാത്രി വൈകിയും പുലര്ച്ചെയുമെത്തുന്ന പല വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുകയാണ്. ഉറക്കം വരുമ്പോള്‍ വാഹനം നിര്‍ത്തി ഉറങ്ങിയതിനുശേഷം യാത്ര തുടരാന്‍ പലരും ശ്രമിക്കാറില്ല. കാപ്പി, ചായ കുടിച്ച് ഉറക്കം മാറ്റാനും പലരും മെനക്കെടാറില്ല.
എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ജീവനക്കാരുടെയും വാഹനത്തിന്റെയും കുറവ്
റോഡപകടങ്ങള്‍ പെരുകുമ്പോഴും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനു ജില്ലയില്‍ ആവശ്യത്തിനു ജീവനക്കാരോ വാഹനങ്ങളോ ഇല്ല. പരിശോധനയ്ക്കായി ആകെയുള്ള ഒരു വാഹനം എറണാകുളം, കോട്ടയം ജില്ലകള്ക്കുള്ളതാണ്. മാസത്തില്‍ 15 ദിവസം എറണാകുളത്താണ് വാഹനം. ഇതുമൂലം പരിശോധന കാര്യക്ഷമമായി നടക്കുന്നില്ല.
ആകെയുളള 26 എംവിഐമാര്‍ക്കും എഎംവിമാര്ക്കും ഡ്രൈവിംഗ് ടെസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളുടെ ഉത്തരവാദിത്വം കൂടിയുണ്ട്. എന്‍ഫോഴ്സ്മെന്റ് കണ്ട്രോളിംഗ് യൂണിറ്റ് ഇതുവരെ തുറന്നിട്ടില്ല. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആകെ ഒരു ക്ലറിക്കല്‍ ഓഫീസറാണുള്ളത്. ഇയാളാകട്ടെ ഉഴവൂര്‍ ആര്‍ടിഒ ഓഫീസില്‍നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയതാണ്.
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ഭീഷണി
റോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗ്. റോഡ് നിര്‍മാണ അപാകതയെന്നോ, അമിത വേഗമെന്നോ റിപ്പോര്‍ട്ട് നല്കി യഥാര്‍ഥ കാരണങ്ങളെ പലപ്പോഴും അധികൃതര്‍ നിസാരവത്കരിക്കുകയാണ്.
ലഹരി ഉപയോഗിച്ചതിനു ശേഷം വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ പൊതുനിരത്തില്‍ അവര്‍ മനുഷ്യ ബോംബായി മാറുകയാണ്. വൈകുന്നേരം അഞ്ചു കഴിഞ്ഞാല്‍ വഴിയാത്രക്കാര്‍ക്ക് കാല്‍നടപോലും ഭയപ്പാടുണ്ടാക്കുന്നുണ്ട്. ലഹരിയില്‍ വാഹനമോടിക്കുമ്പോള്‍ എത്രമാത്രം റോഡ് സുരക്ഷാ മുന്നറിയിപ്പുകള്‍ വന്നാലും ഇതൊന്നും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടില്ല. വൈകുന്നേരങ്ങളില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും പരിശോധന നിര്‍ബന്ധമാക്കണം. മാരക രാസലഹരി ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കണം.