കർദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയുടെ സ്വീകരണം 21ന്
1488356
Thursday, December 19, 2024 7:11 AM IST
ചങ്ങനാശേരി: കര്‍ദിനാള്‍ സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി നാട്ടിലെത്തുന്ന മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃ അതിരൂപതയായ ചങ്ങനാശേരി സ്വീകരണമൊരുക്കുന്നു. 21ന് ഉച്ചകഴിഞ്ഞ് എസ്ബി കോളജിലെ മാര്‍ കാവുകാട്ടു ഹാളിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
എസ്ബി കോളജിലെത്തുന്ന കര്‍ദിനാളിനെയും മറ്റ് വിശിഷ്ടാതിഥികളെയും ഇത്തിത്താനം ആശാഭവന് സ്പെഷല്‍ സ്കൂളിലെ കുട്ടികളുടെ ബാന്റുമേളത്തിന്റെയും തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഇടവകാംഗങ്ങള്‍ ഒരുക്കുന്ന ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സമ്മേളന ഹാളിലേക്ക് ആനയിക്കും. സിഎംസി സിസ്റ്റേഴ്സ് പ്രാര്‍ഥനാശുശ്രൂഷ നയിക്കും. ചെത്തിപ്പുഴ മേഴ്സി ഹോം സ്പെഷല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ സ്വാഗതനൃത്തത്തോടെ സമ്മേളനത്തിനു തുടക്കമാകും.
തുടര്‍ന്ന് കര്‍ദിനാള്‍ കൂവക്കാടിന്റെ ജീവചരിത്രം വിവരിക്കുന്ന ദൃശ്യാവതരണം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ഹൈദരാബാദ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ അന്തോണി പൂള സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിന്, ശശി തരൂര്‍ എംപി, ശിവഗിരി ശ്രീനാരായണധര്‍മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, കൃഷ്ണകുമാരി രാജശേഖരന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ചെത്തിപ്പുഴ ഇടവകാംഗങ്ങള്‍ ആശംസാഗാനം ആലപിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയുടെ ഉപഹാരം സമര്‍പ്പിക്കും. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ് നന്ദി അര്‍പ്പിക്കും.