അന്തര്‍ സര്‍വകലാശാല വനിതാ ബാസ്ക്റ്റ്ബോള്‍ നാളെമുതല്‍ അസംപ്ഷനില്‍
1488359
Thursday, December 19, 2024 7:11 AM IST
ചങ്ങനാശേരി: അന്തര്‍ സര്‍വകലാശാല സൗത്ത്സോണ്‍ വനിതാ ബാസ്ക്റ്റ്ബോള്‍ ടൂര്‍ണമെന്റ് എംജി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ 24വരെ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും. കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
സൗത്ത് ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ 78 യൂണിവേഴ്സിറ്റികളില്‍നിന്നുള്ള ആയിരത്തിലധികം വനിതാ ബാസ്കറ്റ്ബോള്‍ താരങ്ങളും ഇരുനൂറില്‍ അധികം ഓഫീഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
അസംപ്ഷന്‍ ഇന്‍ഡോര്‍ കോര്‍ട്ട് കൂടാതെ ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ്, ചങ്ങനാശേരി എസ്എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ട് എന്നിവിടങ്ങളും മത്സരങ്ങള്‍ക്കു വേദിയാകും.
നാളെ വൈകുന്നേരം അഞ്ചിന് കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എംജി സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും.