എച്ച്ജിഎം ആശുപത്രി കാര്‍ഡിയോളജി ബ്ലോക്ക് വെഞ്ചരിച്ചു
1488135
Wednesday, December 18, 2024 7:32 AM IST
കടുത്തുരുത്തി: രോഗീസൗഹൃദമായിരിക്കണം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെന്നും രോഗിയെ ശുശ്രൂഷിക്കുക എങ്ങനെയെന്നത് പ്രധാനമാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മുട്ടുചിറ എച്ച്ജിഎം ആശുപത്രിയോടനുബന്ധിച്ചു നിര്‍മിച്ച കാര്‍ഡിയോളജി ബ്ലോക്കിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മികച്ച പ്രവര്‍ത്തനമായിരിക്കണം ആശുപത്രിയുടെ ലക്ഷ്യം. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മിഷനറി മനോഭാവത്തോടെയാവണം. രോഗിക്കും കൂടെ വരുന്നവര്‍ക്കും ആശ്വാസമേകാന്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പെരുമാറ്റത്തിലൂടെയും സംസാരത്തിലൂടെയും പ്രവൃത്തിയിലൂടെയും കഴിയണമെന്നും ബിഷപ് ഓര്‍മിപ്പിച്ചു. രൂപതാ വികാരി ജനറാളും എച്ച്ജിഎം ഹോസ്പിറ്റല്‍ ട്രസ്റ്റ് ചെയര്‍മാനുമായ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു.
രൂപതാ ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, ആശുപത്രി ഡയറക്ടര്‍ റവ.ഡോ. അലക്സ് പണ്ടാരക്കാപ്പില്‍, മുട്ടുചിറ റൂഹാദ്കുദിശ ഫൊറോനാ പള്ളി വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എസ്എബിഎസ് പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ മറീന ഞാറക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.