മടയംകുന്ന് - കുറവിലങ്ങാട് - കുര്യം റോഡ് വികസനത്തിന് ഇന്നു തുടക്കം
1488289
Thursday, December 19, 2024 6:39 AM IST
കുറവിലങ്ങാട്: കുറവിലങ്ങാട്, കടപ്ലാമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടയംകുന്ന്-കുര്യം റോഡിന്റെ വികസനത്തിന് ഇന്നു തുടക്കമിടുമെന്ന് ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ അറിയിച്ചു. 4.87 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പിഎംജിഎസ് പദ്ധതിയിൽപ്പെടുത്തിയാണ് റോഡ് നവീകരണം. 4.91 കിലോമീറ്റർ ദൂരത്തിലാണ് വികസനം നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ കലുങ്ക് നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് നടപ്പാക്കിയത്. തുടർന്നുള്ള റോഡ് നിർമാണം മുടങ്ങിയതിനെത്തുടർന്ന് ഫ്രാൻസിസ് ജോർജ് എംപിയുടെയും മോൻസ് ജോസഫ് എംഎൽഎയുടെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുടെയും കൂട്ടായ ഇടപെടലിനെ ത്തുടർന്നാണ് പിഎംജിഎസ് പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ റോഡുകളുടെയും കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുള്ളതെന്നും എംഎൽഎ അറിയിച്ചു.
റോഡിന്റെ ആദ്യഭാഗം കുര്യം ജംഗ്ഷനിൽനിന്ന് ആരംഭിച്ച് വില്ലൂന്നികുളംവഴി വയല ആശുപത്രി ജംഗ്ഷനിൽ അവസാനിക്കും. രണ്ടാം ഭാഗം മടയംകുന്ന് ജംഗ്ഷനിൽനിന്ന് ആരംഭിച്ച് നെച്ചിമറ്റംവഴി മുണ്ടൻ വരമ്പ് കുരിശടിയിൽ എത്തിച്ചേരും.
ഈ റോഡിൽ മൈനർ ബ്രിഡ്ജും മൂന്നു കലുങ്കുകളുടെ പുനർനിർമാണവും ഓട, സംരക്ഷണഭിത്തികൾ എന്നിവയുടെ നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്.