മുനമ്പത്തെ കുടുംബങ്ങളോട് ഐക്യദാർഢ്യം: ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ
1488127
Wednesday, December 18, 2024 7:25 AM IST
കോട്ടയം: മുനമ്പം ഭൂമിപ്രശ്നത്തിൻ കുടിയിറക്കൽ ഒഴിവാക്കണമെന്നും കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്ന കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ആരംഭിച്ച മധ്യകേരള മഹായിടവക കൗൺസിൽ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിക്കുകയായിരുന്നു ബിഷപ്.
പ്രശ്നം രമ്യമായും ശാശ്വതമായും പരിഹരിക്കുന്നതിന് സർക്കാർ സത്വര നടപടികൾ കൈക്കൊള്ളണമെന്നും പമ്പ- അച്ചൻകോവിൽ- വൈപ്പാർ നദീസംയോജന പദ്ധതി ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. വൈദിക സെക്രട്ടറി റവ. അനിയൻ കെ. പോൾ, റവ. ജിജി ജോൺ ജേക്കബ്, സ്റ്റീഫൻ ജെ. ഡാനിയേൽ, ഷീബ തരകൻ എന്നിവർ പ്രസംഗിച്ചു.