വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിപ്പ്: ഡോക്ടര്‍ക്ക് ലഭിച്ചത് സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്നു പറഞ്ഞുള്ള വീഡിയോകോൾ
1488336
Thursday, December 19, 2024 7:06 AM IST
ചങ്ങനാശേരി: ചങ്ങനാശേരി പെരുന്ന സ്വദേശിയായ ഡോക്ടറെ വെര്‍ച്വല്‍ അറസ്റ്റ് നടത്തി പണം തട്ടിയത് സുപ്രീംകോടതിയുടെ പേരില്‍ ഉണ്ടാക്കിയ വ്യാജരേഖകള്‍ കാണിച്ച്. ഇതില്‍ ഭയപ്പെട്ടാണ് വീട്ടിലായിരുന്ന ഡോക്ടര്‍ ബാങ്കിലെത്തി പണം കൈമാറിയത്. പെരുന്ന സ്വദേശിയായ ഡോക്ടര്‍ പോസ്റ്റല്‍ സര്‍വീസ് വഴി അയച്ച പാഴ്സലില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയെന്നു പറഞ്ഞ് തിങ്കളാഴ്ചയാണ് തട്ടിപ്പുസംഘം ആദ്യം വിളിച്ചത്. മുംബൈ പോലീസ് എന്ന് സ്വയംപരിചയപ്പെടുത്തിയ സംഘം സുപ്രീംകോടതിയിലെയും പോസ്റ്റല്‍ സര്‍വീസിലെയും എന്നവകാശപ്പെട്ട് ചില വ്യാജരേഖകളും ഡോക്ടര്‍ക്ക് വാട്സ്ആപ്പ് വഴി അയച്ചു കൊടുത്തു.
തുടർന്ന് വീഡിയോ കോളിൽ വിളിച്ച് ഡോക്ടര്‍ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ചു. നടപടി ഒഴിവാക്കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പരിഭ്രാന്തനായ ഡോക്ടര്‍ നഗരത്തിലുള്ള എസ്ബിഐ ബാങ്ക് ശാഖയിലെത്തി തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു. അക്കൗണ്ട് വിവരങ്ങളും ഡോക്ടറുടെ പരിഭ്രാന്തിയും കണ്ടപ്പോള്‍ത്തന്നെ ബാങ്ക് ജീവനക്കാര്‍ക്കു സംശയം തോന്നി. ആര്‍ക്കാണ് പണം അയയ്ക്കുന്നതെന്ന് സര്‍വീസ് മാനേജര്‍ ചോദിച്ചപ്പോള്‍ സുഹൃത്തിനാണെന്നായിരുന്നു ഡോക്ടറുടെ മറുപടി.
തട്ടിപ്പാണെന്നു സംശയിച്ച ബാങ്ക് അധികൃതര്‍ ചങ്ങനാശേരി പോലീസില്‍ അറിയിച്ചതുപ്രകാരം സൈബര്‍ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങനാശേരി എസ്എച്ച്ഒ വിനോദ്കുമാറും സംഘവും ഡോക്ടറുടെ വീട്ടിലെത്തിയെങ്കിലും അന്വേഷണത്തോട് ഡോക്ടര്‍ സഹകരിച്ചില്ല. ഈ സമയത്തെല്ലാം ഡോക്ടര്‍ തട്ടിപ്പു സംഘത്തിന്റെ വീഡിയോ കോളില്‍ തുടരുകയായിരുന്നു. ഇതിനിടെ എസ്എച്ച്ഒ വാതില്‍ തള്ളിത്തുറന്ന് വീട്ടില്‍ക്കയറി ഫോണ്‍ വാങ്ങി പരിശോധിപ്പോഴാണ് തട്ടിപ്പുവിവരം മനസിലായത്.
പോലീസിന്റെയും ബാങ്കിന്റെയും ഇടപെടലില്‍ മരവിപ്പിച്ച 4,30,000 രൂപ വീണ്ടെടുക്കാനുള്ള ശ്രമം നടന്നു വരികയാണ്. എഴുപതിനായിരം രൂപ ആമസോണ്‍ ആപ്പ് വഴി കൈമാറിയതായും പോലീസിനു സൂചനയുണ്ട്. ഡോക്ടര്‍ ബാങ്കിലെത്തിയപ്പോള്ത്തന്നെ പരിഭ്രാന്തിയില്‍ ആയിരുന്നുവെന്ന് മാനേജര്‍ മീനാ ബാബു പറഞ്ഞു.