ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറും നാനൂറു രോഗികളും
1488306
Thursday, December 19, 2024 6:39 AM IST
കാഞ്ഞിരപ്പള്ളി: ഒരു ഡോക്ടറും നാനൂറു രോഗികളും. പറയുന്പോൾ അതിശയോക്തിയെന്നു തോന്നുമെങ്കിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉച്ചയ്ക്ക് ശേഷമുള്ള കാഴ്ചയാണിത്. ഒപിക്കുശേഷം നാനൂറോളം രോഗികളെത്തുന്ന അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത്.
ചൊവ്വാഴ്ച രാത്രി പൊൻകുന്നം പോലീസ് പ്രതിയുമായി മെഡിക്കൽ എടുക്കാൻ അത്യാഹിത വിഭാഗത്തിൽ എത്തിയതിനെത്തുടർന്ന് കാത്തിരുന്ന് മടുത്ത രോഗികൾ പോലീസും ഡോക്ടറുമായി വാക്കുതർക്കം ഉണ്ടായി.
രാത്രിയും പകലുമായി നിരവധി രോഗികളാണ് ജനറല്‍ ആശുപത്രിയിലെത്തുന്നത്. രാത്രി കാലങ്ങളിലും ചീട്ടെടുത്ത് ഡോക്ടറെ കണ്ട് ചികിത്സ ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. രോഗികളെ കാണുന്നതിനൊപ്പം അപകടങ്ങളിൽപ്പെട്ട് വരുന്നവരെയും പോലീസ് മെഡിക്കല്‍ കേസുകളെടുക്കുന്നതും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ തന്നെയാണ്. വലിയ കേസുകളെത്തിയാല്‍ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞ് വിടുകയാണ് ചെയ്യുന്നത്.
മൂന്നു ഷിഫ്റ്റുകളിലായി ആറ് ഡോക്ടർമാരുടെ സേവനമാണ് അത്യാഹിത വിഭാഗത്തിൽ വേണ്ടത്. എന്നാൽ, നിലവിൽ രണ്ട് ഡോക്ടർമാരും മറ്റു ഡോക്ടർമാർ അധികസമയം ജോലി ചെയ്തുമാണ് അത്യാഹിത വിഭാഗം മുന്നോട്ടു പോകുന്നത്.
ഒപി സമയം കഴിഞ്ഞ് അത്യാഹിത വിഭാഗത്തിലെത്തുന്ന അവശനിലയിലായ രോഗികള്‍ ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഉച്ചകഴിഞ്ഞ് രണ്ടിന് എത്തുന്ന രോഗികൾ തിരികെ ഡോക്ടറെ കണ്ട് മടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. ഉച്ചകഴിഞ്ഞ് അത്യാഹിത വിഭാഗത്തില്‍ രണ്ടു ഡോക്ടർമാരുടെയെങ്കിലും സേവനം അത്യാവശ്യമാണെന്ന് രോഗികൾ പറയുന്നു.