ബോധവത്കരണം, പരിശീലനം: ദേശീയ ദുരന്തനിവാരണ സേന ജില്ലയിൽ
1488355
Thursday, December 19, 2024 7:11 AM IST
കോട്ടയം: പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തങ്ങളെ നേരിടുന്നതിനായി വിവിധവിഭാഗം ജനങ്ങൾക്ക് ദുരന്തനിവാരണ ബോധവത്കരണവും പരിശീലനവും നൽകുന്നതിന് ദേശീയ ദുരന്തനിവാരണ സേനാ (എൻഡിആർഎഫ്) ജില്ലയിലെത്തി. ചെന്നൈ ആരക്കോണത്തുനിന്നുള്ള നാലാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമൻഡാന്റ് ഡോ.ബി.എസ്. ഗോവിന്ദ്, ഇൻസ്പെക്ടർ കപിൽ എന്നിവരുടെ നേതൃത്വത്തിലുള്ള 26 സൈനീകരാണ് സംഘത്തിലുള്ളത്.
തിങ്കളാഴ്ച ജില്ലയിലെത്തിയ സംഘം പ്രകൃതിക്ഷോഭം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചു. കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച സംഘം ജനപ്രതിനിധികളുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഈരാറ്റുപേട്ട പിണ്ണാക്കനാട്ടെ പാചകവാതക റീഫില്ലിംഗ് പ്ലാന്റ് സന്ദർശിച്ച സംഘം പാചകവാതകവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ നേരിടാനുള്ള സൗകര്യങ്ങളടക്കം വിലയിരുത്തി.
പൂഞ്ഞാർ എൻജിനിയറിംഗ് കോളജിലും കാഞ്ഞിരം എസ്എൻഡിപി എച്ച്എസ്എസിലും ദുരന്തനിവാരണ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
ബോട്ടുടമകൾക്കും തൊഴിലാളികൾക്കുമായുള്ള ബോധവത്കരണ-പരിശീലന പരിപാടി ഇന്നു കുമരകത്ത് നടക്കും. വെള്ളിയാഴ്ച വരെയാണ് സന്ദർശനം. ഇന്നലെ കളക്ടറേറ്റിൽ എത്തിയ സംഘം ജില്ലാ കളക്ടർ ജോൺ വി. സാമുവലുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഡിഎംഒ ഇൻ ചാർജ് ഡോ. പി.എൻ. വിദ്യാധരൻ, ഡിവൈഎസ്പി കെ.ജി. അനീഷ്, ആർ.ടി.ഒ. കെ. അജിത് കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ് എന്നിവർ പങ്കെടുത്തു.
കുമരകത്ത് ഇന്ന് മോക്ഡ്രിൽ
ജില്ലാ ദുരന്തനിവാരണ അഥോറിറ്റി, ദേശീയ ദുരന്തനിവാരണ സേനയുമായി ചേർന്ന് ഇന്നു കുമരകം കവണാറ്റിൻകരയിൽ മോക്ഡ്രിൽ നടത്തും.
വെള്ളപ്പൊക്ക ദുരന്തങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവരെ രക്ഷപ്പെടുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും ദേശീയ ദുരന്തനിവാരണ സേനയും നടത്തുന്ന പ്രവർത്തനങ്ങൾ പ്രായോഗികമായി പരിചയപ്പെടുത്തുന്നതിനായാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
കവണാറ്റിൻകര പാലത്തിനു സമീപം രാവിലെ 10 മുതലാണ് മോക്ഡ്രിൽ.
വിവിധ വകുപ്പുകളും എൻഡിആർഎഫും മോക്ഡ്രില്ലിന്റെ ഭാഗമാകും.