കാട്ടുമൃഗങ്ങളുടെ ശല്യം: ശക്തമായ നടപടികളുമായി തീക്കോയി പഞ്ചായത്ത്
1488295
Thursday, December 19, 2024 6:39 AM IST
തീക്കോയി: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൃഷിക്കാരുടെയും അംഗീകൃത ഷൂട്ടർമാരുടെയും യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്ത് അനുമതി നൽകിയിട്ടുള്ള 15 ഷൂട്ടർമാർ യോഗത്തിൽ പങ്കെടുത്തു.
വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഷൂട്ടർമാർ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തനം നടത്തും. ഷൂട്ടർമാരായി നിയോഗിച്ചിട്ടുള്ളവരുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അടങ്ങിയ ലിസ്റ്റ് പഞ്ചായത്ത് കർഷകർക്കായി പ്രസിദ്ധീകരിക്കും.
ജനപ്രതിനിധികൾ, ഷൂട്ടർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കർഷകർ, വില്ലേജ്, പഞ്ചായത്ത്, കൃഷി ഡിപ്പാർട്ട്മെന്റ് എന്നിവരടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കും. പഞ്ചായത്തിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ അടിയന്തരമായി വെട്ടിത്തെളിക്കുവാൻ ജനപ്രതിനിധികൾവഴി ഭൂവുടമകളോട് ആവശ്യപ്പെടും.
വർഷങ്ങളായി കാട് തെളിക്കാതിരിക്കുന്ന ഭൂവുടമകൾക്കു പഞ്ചായത്ത് നിയമാനുസൃത നോട്ടീസ് നൽകും. കൃഷിനാശം സംഭവിക്കുന്ന കർഷകർക്കു കൃഷി-ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വഴി അർഹതപ്പെട്ട ധനസഹായം ലഭിക്കുന്നതിനു കൃഷിക്കാർക്ക് അറിയിപ്പ് നൽകും. ജനവാസമേഖലയിൽ കർഷകർക്കു നാശനഷ്ടം വിതയ്ക്കുന്ന കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ശക്തമായ ഇടപെടലുകളും നടപടികളും സ്വീകരിക്കണമെന്ന് അധികാരികളോട് യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ ഓമന ഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, അമ്മിണി തോമസ്, സിബി രഘുനാഥൻ, ദീപാ സജി, നജീമ പരികൊച്ച്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. അഞ്ജു, സെക്ഷൻ ഓഫീസർ ടി.എസ്. സന്ധ്യാമോൾ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ടി. സജി, കൃഷി അസിസ്റ്റന്റ് മുഹമ്മദ് ഷഹീദ്, സ്പെഷൽ വില്ലേജ് ഓഫീസർ ദിലീപ് ജോസഫ്, സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ഡയറക്ടർ തോംസൺ കെ. ജോർജ്, താലൂക്ക് വികസനസമിതി അംഗം പീറ്റർ പന്തലാനി, കർഷക പ്രതിനിധികൾ, ഷൂട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.