പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ ഫാ. ജോബ് കുഴിവയലിൽ
1488296
Thursday, December 19, 2024 6:39 AM IST
മുണ്ടക്കയം: മലയോര ജനതയുടെ ആത്മീയ ഭൗതിക മുന്നേറ്റത്തിന് നേതൃത്വം നൽകിയ മുണ്ടക്കയംകാരുടെ സ്വന്തം ഫാ. ജോബ് കുഴിവയലിൽ അഭിഷിക്ത ജീവിതപാതയിൽ സുവർണ ജൂബിലി നിറവിൽ. 1944 മേയ് 19-ന് തോട്ടയ്ക്കാട് കുഴിവയലിൽ ചാക്കോയുടെയും മറിയാമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം 1974 ഡിസംമ്പർ 19ന് പൗരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു. വിവിധ ഇടവകകളിലെ സേവനത്തിനുശേഷം 2008-ലാണ് മുണ്ടക്കയം സെന്റ് മേരീസ് ലത്തീൻ പള്ളി വികാരിയായി ചുമതല ഏൽക്കുന്നത്.
മുണ്ടക്കയത്ത് പുതിയ ദേവാലയം, നിത്യാരാധന ചാപ്പൽ, പനക്കച്ചിറ സെന്റ് ആന്റണീസ് പള്ളി എന്നിവ അച്ചന്റെ നേതൃത്വത്തിലാണ് പണികഴിപ്പിച്ചത്. കർമനിരതമായ പ്രവർത്തനങ്ങൾക്കുശേഷം 2016-ൽ മുണ്ടക്കയത്തുനിന്നും സ്ഥലം മാറിപ്പോയ അച്ചൻ പാക്കിൽ സെന്റ് ട്രീസാസ് ചർച്ച് വികാരി സ്ഥാനം ഏറ്റെടുത്തു.
ഇപ്പോൾ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഫാ. ജോബ് കുഴിവയലിൽ മുണ്ടക്കയം സെന്റ് മേരീസ് പള്ളി വികാരി ഫാ. ടോം ജോസിന്റെയും അസിസ്റ്റന്റ് വികാരി ഫാ. ജിതിൻ ഫ്രാൻസിസ് കോട്ടമേടിന്റെയും പ്രവർത്തനങ്ങളോടൊപ്പം സെന്റ മേരീസ് പള്ളിയിൽ സേവനം അനുഷ്ഠിക്കുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു രാവിലെ 5.30ന് ഫാ. ജോബ് കുഴിവയലിൽ സെന്റ് മേരീസ് പള്ളിയിൽ ജൂബിലി കുർബാന അർപ്പിക്കും.