കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഗ്രേഡിംഗ് പുരോഗമിക്കുന്നു
1488360
Thursday, December 19, 2024 7:11 AM IST
കോട്ടയം: ജില്ലയിലെ കുടുംബശ്രീയുടെ അയല്‍ക്കൂട്ട ഗ്രേഡിംഗ് കാമ്പയിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. വിവിധ അയല്‍ക്കൂട്ട സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്നറിയാന്‍ നിശ്ചിത കാലയളവില്‍ നടപ്പാക്കുന്നതാണ് ഗ്രേഡിംഗ് സമ്പ്രദായം. അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനമികവ്, സുതാര്യത തുടങ്ങിയ കാര്യങ്ങള്‍ ഗ്രേഡിംഗിലുടെ കൃത്യമായി ഉറപ്പു വരുത്തും.
ഗ്രേഡിംഗില്‍ പിന്നിലായ അയല്‍ക്കൂട്ടങ്ങള്‍ക്കു ആവശ്യമായി നിര്‍ദേശങ്ങള്‍ നല്കി അവരെ പുനരുജ്ജീവിപ്പിക്കും, ഇതിനുപുറമെ കണ്ടെത്തുന്ന പ്രശ്നങ്ങള്‍ സൂക്ഷ്മമായ രീതിയില്‍ അവലോകനം നടത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു നടപ്പാക്കുകയും ചെയ്യും. സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു നിരീക്ഷിച്ചു മാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. മാര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ പ്രോഗ്രസ് കാര്‍ഡിലേതിനു സമാനമായ രീതിയില്‍ എ മുതല്‍ ഡി വരെയുള്ള ഗ്രേഡുകളാണ് നല്‍കുന്നത്.
എ ഗ്രേഡ് ലഭിച്ചിരിക്കുന്ന അയല്‍ക്കൂട്ടമാണ് പ്രവര്‍ത്തനമികവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഡി ഗ്രേഡ് ലഭിക്കുന്നവരാണ് ഏറ്റവും പിന്നിലുള്ളത്. ഗ്രേഡിംഗ് നടപ്പാക്കിയശേഷം ഡി ഗേഡ് ലഭിച്ചിക്കുന്ന അയല്‍ക്കൂട്ടത്തെ എ ഗ്രേഡിലേക്കു പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി എത്തിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടപ്പാക്കുന്നത്. ഇവരുടെ പോരായ്മകള്‍ അവലോകനം ചെയ്തശേഷം മാറ്റങ്ങള്‍ നിര്‍ദേശിക്കും.
ഗ്രേഡിംഗ് കാമ്പയിന് നടത്തുന്നതായി എഫ്എല്ആര്പിമാരെയാണ് (ഫിനാന്‍ഷ്യല്‍ ലിറ്ററസി റിസോഴ്സ് പേഴ്സണ്‍) നിയോഗിച്ചിരിക്കുന്നത്. ഇവര്‍ ഒരു ദിവസം 12 അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തി ഗ്രേഡ് ചെയ്യണം.
തുടര്‍ന്നു വിവരങ്ങള്‍ ജില്ലാ മിഷന് ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയും അവര്‍ കാര്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യണം. തുടര്‍ന്നാണ് അയല്‍ക്കൂട്ടങ്ങളുടെ ഗ്രേഡുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചെയ്യുന്നതിനു ആര്‍പി മാര്‍ക്കു ഓണറേറിയവും യാത്രാബത്തയും അനുവദിച്ചിട്ടുണ്ട്.
ഒന്നാംഘട്ടത്തില്‍ ജില്ലയിലെ അയല്‍ക്കൂട്ടങ്ങളില്‍ പരിശോധന നടത്തി മാര്‍ക്ക് നല്കി ഗ്രേഡിംഗ് പ്രസിദ്ധീകരിച്ചിരുന്നു. ഡി ഗ്രേഡ് ലഭിച്ചവര്‍ക്കു പോരായ്മകള്‍ ചൂണ്ടിക്കാട്ടി എ ഗ്രേഡിലേക്കു എത്തുന്നതിനുള്ള പരിശീലനവും എഫ്എല്ആര്പിമാര് വഴി നല്‍കിയിരുന്നു.
ഇപ്പോള്‍ നടത്തുന്ന പരീക്ഷ ഗ്രേഡിംഗ് കാമ്പയിനിലൂടെ മാത്രമേ ഈ അയല്‍ക്കൂട്ടങ്ങള്‍ മുന്നേറിയിട്ടുണ്ടോയെന്നറിയാന് സാധിക്കുകയുള്ളൂ. ഒന്നാം ഘട്ടത്തില്‍ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ പല അയല്‍ക്കൂട്ടങ്ങളും പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ മെച്ചപ്പെടുത്തിയിരുന്നു. രണ്ടാംഘട്ട കാമ്പയിന് 30നുള്ളില്‍ പൂര്‍ത്തീകരിക്കും.
അയല്‍ക്കൂട്ടങ്ങള്‍ക്കായി എഫ്ഐ ക്ലിനിക്കുകളും
സാമ്പത്തിക കാര്യങ്ങളില്‍ അയല്‍ക്കൂട്ടങ്ങളെ സഹായിക്കാന്‍ എഫ്ഐ (ഫിനാന്‍ഷ്യല്‍ ലിറ്ററസി) ക്ലിനിക്കുകളുമുണ്ട്. വിവിധ സ്കീമുകളില്‍ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടങ്ങള്‍ എടുത്തിരിക്കുന്ന വായ്പകളിന്മേല് ഇവര്‍ക്കു ആവശ്യമായ നിര്‍ദേശങ്ങളും കൃത്യമായി ലഭിക്കുന്ന വരുമാന മെച്ചപ്പെടുത്താം, വര്‍ധിപ്പാക്കാനുള്ള സഹായങ്ങളും എഫ്ഐ ക്ലിനിക്കുകള്‍ നല്‍കുന്നുണ്ട്.
പ്രധാനമായും അയല്‍ക്കൂട്ടങ്ങളുടെ തിരിച്ചടവുകള്‍ ക്രമപ്പെടുത്താനും സാമ്പത്തിക അച്ചടക്കം പാലിക്കാനുമാണു എഫ്ഐ ക്ലിനിക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ വായ്പാ തിരിച്ചടവുകള്‍ നടത്താത്ത അയല്‍ക്കൂട്ടങ്ങളെയും നിർജീവ അയല്‍ക്കൂട്ടങ്ങളെയും സജീവമാക്കി മുന്‍പന്തിയിലേക്ക് എത്തിക്കുകയുമാണ് എഫ്ഐ ക്ലിനിക്കുകളുടെ ലക്ഷ്യം.
സിഡിഎസുകളിലെ കമ്യൂണിറ്റി ബേസ്ഡ് റിക്കവറി മൈക്കാനിസം (സിബിആര്എം) രൂപീകരിക്കുക, എഫ്ഐ (ഫിനാന്‍ഷ്യല്‍ ലിറ്റററി) ക്ലിനിക് രൂപീകരണവും ഫീല്‍ഡ് സന്ദര്‍ശനവും നടത്തുക, കുടുംബശ്രീ അംഗങ്ങള്‍ക്കു സാമ്പത്തിക സാക്ഷരതാ ക്ലാസുകളും ഫിനാന്‍ഷ്യല്‍ കൗണ്‍സലിംഗ് സേവനവും ഉറപ്പാക്കുക, ബി, സി, ഡി അയല്‍ക്കൂട്ടങ്ങളെ എ ഗ്രേഡിലേക്ക് ഉയര്‍ത്താനുള്ള ആവശ്യമായ സഹായം നല്‍കുക തുടങ്ങിയവയും എഫ്ഐ ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളാണ്.