ജപ്തി: കനകപ്പലത്തെ കുടുംബത്തിന് നീതി തേടി കളക്ടർ
1488298
Thursday, December 19, 2024 6:39 AM IST
എരുമേലി: വീടും സ്ഥലവും സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതോടെ വീട്ടുമുറ്റത്ത് ഷെഡിൽ കഴിയുന്ന എരുമേലി കനകപ്പലത്തെ അഞ്ചംഗ നിർധന പട്ടികജാതി കുടുംബത്തിന് ആശ്വാസം പകർന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ.
കാഞ്ഞിരപ്പള്ളിയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് കുടുംബത്തിന് വീടും സ്ഥലവും വീണ്ടെടുത്ത് നൽകുന്നതിന് മാർഗങ്ങൾ തേടുമെന്ന് കളക്ടർ അറിയിച്ചത്. ജപ്തി നടത്തിയ ബാങ്കുമായി ഇക്കാര്യത്തിൽ ബന്ധപ്പെട്ട് ചർച്ച നടത്താൻ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് കളക്ടർ നിർദേശം നൽകി. ഇന്നു ബാങ്ക് പ്രതിനിധികളുമായി സംസാരിക്കുമെന്ന് പോലീസ് അറിയിച്ചു.
കനകപ്പലം അടുക്കള കോളനി ഭാഗത്ത് താമസിക്കുന്ന കുളക്കുറ്റിയിൽ രാജേഷും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആകെയുള്ള മൂന്ന് സെന്റ് സ്ഥലവും വീടുമാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്യപ്പെട്ടത്. 2016-ൽ 2.5 ലക്ഷം രൂപ വായ്പ എടുത്തശേഷം 2023-ൽ ഈ തുക അടച്ചു തീർത്തെങ്കിലും പലിശ ഉൾപ്പടെ 5.5 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്ന് അറിയിച്ചാണ് കോടതി ഉത്തരവിലൂടെ ബാങ്ക് ജപ്തി നടത്തിയത്.