മണിമല ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാള്‍
1488305
Thursday, December 19, 2024 6:39 AM IST
കോട്ടയം: തീര്‍ഥാടന കേന്ദ്രമായ മണിമല ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാള്‍ 31 മുതല്‍ ജനുവരി ഏഴുവരെ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് 48-ാമതു ബൈബിള്‍ കണ്വന്ഷന് രണ്ടു മുതല്‍ നാലുവരെ നടത്തും.
31-നു വൈകുന്നേരം 4.30ന് ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത് തിരുനാളിനു കൊടിയേറ്റും. ജനുവരി ഒന്നിനു പൂര്‍വിക അനുസ്മരണ ദിനത്തില്‍ വൈകുന്നേരം 4.15നു വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. രണ്ടിനു വൈകുന്നേരം 5.30ന് ഫാ. ജിസണ് പോള്‍ വേങ്ങാശേരി നയിക്കുന്ന കുടുംബവിശുദ്ധീകരണ കണ്വന്ഷന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. മൂന്നിനും നാലിനും വൈകുന്നേരം 5.30ന് ആരംഭിക്കുന്ന കണ്വന്ഷന് രാത്രി ഒമ്പതിന് ആരാധനയോടെ സമാപിക്കും. നാലിനു വൈകുന്നേരം 5.30ന് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സമാപന സന്ദേശം നല്‍കും.
അഞ്ചിന് പിണ്ടികുത്തി തിരുനാളായി ആചരിക്കും. രാവിലെ ആറിന് പൂജരാജാക്കന്മാരുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. രാവിലെ 7.15നും പത്തിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് കറിക്കാട്ടൂര്‍ കുരിശടിയില്‍നിന്ന് ആരംഭിച്ച് മണിമല ടൗണ്‍ ചുറ്റി പള്ളിയിലേക്ക് പ്രദക്ഷിണം. നൂറുകണക്കിനു മുത്തുക്കുടകളേന്തി ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം കേരളത്തിലെതന്നെ വലിയ വിശ്വാസ പ്രഘോഷണമാണ്. പ്രദക്ഷിണം പള്ളിയിലെത്തുമ്പോള്‍ നക്ഷത്രത്താല് നയിക്കപ്പെട്ട് ഉണ്ണീശോയെ ലക്ഷ്യമാക്കി നീങ്ങി അവസാനം കാലിത്തൊഴുത്തില്‍ ദിവ്യപൈതലിനെ കണ്ട് സ്വര്‍ണം, മീറ, കുന്തിരിക്കം എന്നിവ സമര്‍പ്പിച്ചതിന്റെ പ്രതീകമായി പള്ളിയില്‍ കാഴ്ചവയ്പ് നടത്തും. തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.
ദനഹാ തിരുനാള്‍ ദിനമായ ആറിന് പുലര്‍ച്ചെ 5.45നും 7.30നും വിശുദ്ധ കുര്‍ബന. പത്തിന് റാസ കുര്‍ബാന, പ്രസംഗം. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം. വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.45ന് കലാസന്ധ്യ.
ഇടവക തിരുനാള്‍ ദിനമായ ഏഴിന് പുലര്‍ച്ചെ 5.45, 7.30, 10.30, ഉച്ചകഴിഞ്ഞ് 2.30നും വശുദ്ധ കുര്‍ബാന. വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് കൊടിയിറക്ക്. തുടര്‍ന്ന് നാടകം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.
പത്രസമ്മേളനത്തില്‍ ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത്, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ടി.ജെ. ഏബ്രഹാം തീമ്പലങ്ങാട്ട്, ജോസ് സി. വര്‍ഗീസ് ചെമ്മരപ്പള്ളില്‍, മനോജ് തോമസ് കോയിപ്പുറം, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോസ് മാത്യു മാളിയേക്കല്‍, ജോയിന്റ് കണ്‍വീനര്‍ എല്‍.ജെ. മാത്യു ളാനിത്തോട്ടം, പബ്ലിസിറ്റി കണ്‍വീനര്‍ അനീഷ് തോമസ് കോവാട്ട് എന്നിവര്‍ പങ്കെടുത്തു.
മണിമല ഇടവക സ്ഥാപിതമായിട്ട് 200 വര്‍ഷങ്ങള്‍
ജൂബിലി വര്ഷാചരണത്തിലാണ് ഇത്തവണ മണിലമ തിരുനാള്‍. മണിമല ഇടവക സ്ഥാപിതമായിട്ട് 200 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. 1824 മേയ് മാസത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ തിരുനാള്‍ ദിനത്തില്‍ കല്ലിടീല്‍ നടത്തുകയും 1825 ജനവുരി ആറിന് വെഞ്ചരിക്കുകയും ചെയ്തു. പിന്നീട് സ്ഥലപരിമിതികള്‍മൂലം പള്ളി പുതുക്കിപ്പണിതു. 1958 ജനുവരി നാലിനാണ് നിലവിലുള്ള മനോഹരമായ പള്ളിയുടെ കൂദാശാകര്‍മം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ട് നിര്‍വഹിച്ചത്.
2024 മേയ് 12ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദ്വിശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. 2025 മേയ് 11ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും. തിരുനാള്‍, ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മണിമലയില്‍നിന്നു ഹൈറേഞ്ച്, മലബാര്‍ പ്രദേശത്തേക്ക് കുടിയേറിപ്പാര്‍ത്തവരും വിദേശത്ത് പോയവരും എത്താറുണ്ട്.