കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് ചങ്ങനാശേരിയില്‍ എത്തി
1488117
Wednesday, December 18, 2024 7:25 AM IST
ചങ്ങനാശേരി: കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടശേഷം ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട് ചങ്ങനാശേരിയിലെത്തി. ആര്‍ച്ച്ബിഷപ്സ് ഹൗസിലെത്തിയ കര്‍ദിനാളിനെ വികാരിജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കേരി, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തുടര്‍ന്ന് അദ്ദേഹം മെത്രാപ്പോലീത്തന്‍ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസിലാണ് അദ്ദേഹത്തിന്റെ താമസം.
നാളെ രാവിലെ 10.30ന് എസ്ബി കോളജിന്റെ ആഭിമുഖ്യത്തിലും 21ന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലും കര്‍ദിനാളിനു സ്വീകരണം നല്‍കും.
കര്‍ദിനാള്‍ മാർ കൂവക്കാട്ടിന് എസ്ബി കോളജില്‍ നാളെ സ്വീകരണം
ചങ്ങനാശേരി: കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടശേഷം നാട്ടിലെത്തിയ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃകലാലയമായ എസ്ബി കോളജില്‍ നാളെ സ്വീകരണം നല്‍കും. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയേസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ക്കൊപ്പം കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാരുടെ നിരയിലേക്ക് മാര്‍ ജോര്‍ജ് കൂവക്കാട്ടിനെയും ഉയര്‍ത്തിയപ്പോള്‍ സെന്റ് ബര്‍ക്ക്മാന്‍സ് കോളജിന് അത്യഭിമാനമാണുള്ളത്. ഇവര്‍ മൂവരും എസ്ബിയുടെ പൂര്വവിദ്യാര്ഥികളാണ്. 1992-1995 ബിഎസ്സി കെമിസ്ട്രി ബാച്ചിലാണ് മാര്‍ ജോര്‍ജ് കൂവക്കാട്ട് എസ്ബി കോളജില്‍ പഠനം നടത്തിയത്.
നാളെ രാവിലെ 10.30ന് കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ ചേരുന്ന സമ്മേളനത്തിലാണ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന് പ്രൗഢമായ സ്വീകരണം ഒരുക്കുന്നത്. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്, മാര്‍ കൂവക്കാട്ടിന്റെ സഹപാഠിയും രസതന്ത്രവിഭാഗം അധ്യാപകനുമായ ഡോ. ടോംലാല്‍ ജോസ്, ജൂഡ് എം. രാജു, റവ.ഡോ. ടോം ആന്റണി, ഡോ. സിബി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
വിദ്യാര്‍ഥിയായിരിക്കെ സിഎസ്എമ്മിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് നടത്തിയ മഹത്തരമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സിഎസ്എമ്മിന്റെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ബര്‍സാര്‍ ഫാ. ജയിംസ് കലയംകണ്ടം, പിആര്‍ഒ ഫാ. ജോസ് മുല്ലക്കരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.