എസ്ബി കോളജിലെ സൗരോര്‍ജ പ്ലാന്റ് സജ്ജമായി; ഉദ്ഘാടനം നാളെ
1488118
Wednesday, December 18, 2024 7:25 AM IST
ചങ്ങനാശേരി: എസ്ബി കോളജില്‍ 150 കെവി സൗരോര്‍ജ പ്ലാന്റ് സജ്ജമായി. കേരളത്തിലെ സ്വയംഭരണ കോളജുകളില്‍ ഇത്രയും ബ്രഹത്തായ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച ആദ്യ കലായമാണിത്. ജര്‍മനിയിലെ സ്റ്റുറ്റ്ഗാര്‍ട്ട് റോര്‍ട്ടന്‍ബര്‍ഗ് രൂപത സംഭാവനയായി നല്കിയ പ്ലാന്റാണിത്. കോളജ് മാനേജ്മെന്റ് സമര്‍പ്പിച്ച അപേക്ഷപ്രകാരം ജര്‍മനിയിലെ സ്റ്റുറ്റ്ഗാര്‍ട്ട് റോര്‍ട്ടന്‍ബര്‍ഗ് രൂപതാധികാരികള്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് സോളാര്‍ പദ്ധതി പ്രാവര്‍ത്തികമായത്.
സുസ്ഥിര വികസനത്തിന്റെയും പാരിസ്ഥിതിക സംവേദനത്തിന്റെയും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും കോളജ് കാമ്പസിനെ സമ്പൂര്‍ണ ഹരിത കാമ്പസ് ആക്കുക ലക്ഷ്യംവച്ചുള്ള ഗ്രീന്ബെര്ക്കിന്റെ ഭാഗമായുമാണ് എസ്ബി കോളജ് സൗരോര്‍ജത്തില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് ഉപഭോഗം നടത്തുന്ന പദ്ധതിയിലേക്ക് കാല്‍വയ്പ് നടത്തിയിരിക്കുന്നത്. ന്യൂമാന്‍സ് ഹോസ്റ്റല്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പുതുതായി നിര്‍മിച്ച ന്യൂമാന്‍സ് ബ്ലോക്കിനു മുകളിലാണ് സൗരോര്‍ജ പ്ലാന്റ് സജ്ജമായിരിക്കുന്നത്.
നാളെ രാവിലെ 10.30ന് കാവുകാട്ട് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് സൗരോര്‍ജ പ്ലാന്റിന്റെ സമര്‍പ്പണം നിര്‍വഹിക്കും. ആളുകള്‍ക്ക് ഈ സൗരോര്‍ജ പ്ലാന്റ് സന്ദര്‍ശിക്കാനും പഠിക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് പറഞ്ഞു.