കൊളേത്താമ്മയെ നമ്മുടെ ജീവിതത്തിന്റെ കാവലാളാക്കണം: മോൺ. മലേപ്പറമ്പില്‍
1488291
Thursday, December 19, 2024 6:39 AM IST
മണിയംകുന്ന്: ജീവിതത്തിൽ സഹനങ്ങളും വേദനകളും ഉണ്ടാകുമ്പോള്‍ കൊളേത്താമ്മയെ നമ്മുടെ ജീവിതത്തിന്റെ കാവലാളാക്കണമെന്നു പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ ഉദ്ബോധിപ്പിച്ചു.
മണിയംകുന്ന് തിരുഹൃദയ ദേവാലയത്തില്‍ കൊളേത്താമ്മയുടെ നാല്പതാംചരമവാര്ഷികദിനത്തില് വിശുദ്ധ കുര്‍ബാനമധ്യേ വചനം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. സഹനങ്ങളില്‍ ഈശോയോടു ചേര്‍ന്നുനിന്നവളാണ് കോളേത്താമ്മ. നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി ഒരിക്കലും ജീവിച്ചിട്ടില്ല. പകരം ജീവിതത്തില്‍ എളിമയോടുകൂടി ജീവിക്കാന്‍ കൊതിച്ചിരുന്നു അമ്മ. ദൈവം അനുവദിച്ചു നല്കിയവയില് പൂര്ണതൃപ്തയായി ഈശോയ്ക്കുവേണ്ടി ജീവിച്ചു മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കബറിടത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രാര്‍ഥന നടന്നു. അമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന മണിയംകുന്ന് തിരുഹൃദയ ഇടവകയിലെ വിശ്വാസി സമൂഹവും കൊളേത്താമ്മ ജീവിച്ചു മരിച്ച മണിയംകുന്ന് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റിലെ സന്യാസിനികളും വൈദികരും പ്രാര്‍ഥനയോടെ പങ്കുചേര്‍ന്നു.
വികാരി ഫാ. ജോര്‍ജ് തെരുവിൽ, പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസി മരിയ ഓലിക്കല്‍ എഫ്സിസി, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ അന്‍സീലിയ തുടങ്ങിയവര്‍ നേതൃത്വം നല്കി.