കറുകച്ചാല്‍-മണിമല റോഡിൽ സർവത്ര കുഴി, പൊറുതിമുട്ടി ജനം
1488125
Wednesday, December 18, 2024 7:25 AM IST
കറുകച്ചാല്‍: കറുകച്ചാല്‍- മണിമല റോഡിലെ കുഴികളില്‍ പൊറുതിമുട്ടി യാത്രക്കാര്‍. ശബരിമല തീര്‍ഥാടകരും ആശ്രയിക്കുന്ന റോഡ് തകര്‍ന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. വേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴികളിൽ ചാടുന്നതും അപകടമുണ്ടാകുന്നതും നിത്യസംഭവമാണ്. കുഴികളിലകപ്പെടുന്ന വാഹനങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കാൻ ഏറെ പണിപ്പെടേണ്ടി വരുന്നു.
വാഹനാപകടങ്ങൾ തുടർക്കഥയായപ്പോൾ നാട്ടുകാർ റോഡിന് നടുവിൽ മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. ശബരിമല തീർഥാടനകാലമായിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെ നടപടികളിൽ ജനങ്ങൾ അസ്വസ്ഥരാണ്. എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.