വനംമന്ത്രി രാജിവയ്ക്കണം: കത്തോലിക്ക കോൺഗ്രസ്
1488304
Thursday, December 19, 2024 6:39 AM IST
കാഞ്ഞിരപ്പള്ളി: വന്യജീവി ആക്രമണങ്ങൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിവില്ലാത്ത വനംമന്ത്രി രാജിവയ്ക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി ആവശ്യപ്പെട്ടു.
വന്യമൃഗങ്ങൾക്ക് സംസ്ഥാനത്തെ ജനങ്ങളെ കൊല്ലാൻ അവസരമൊരുക്കുന്ന വനംവകുപ്പ് പിരിച്ചുവിട്ട് വനംമന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം.
നൂറുകണക്കിന് ആളുകൾ വന്യമൃഗങ്ങളാൽ കൊലചെയ്യപ്പെട്ടിട്ടും സർക്കാർ വന്യ മൃഗങ്ങൾക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. കാടിന്റെ വിസ്തൃതി വർധിപ്പിക്കാൻ ശ്രമിക്കുന്ന വനം വകുപ്പിന്റെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയണം. വന്യമൃഗ ആക്രമണങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ ബജറ്റിൽ വകയിരുത്തിയ 45.85 കോടിയിൽ 21.85 കോടി രൂപ മാത്രമേ ഇതുവരെ അനുവദിച്ചിട്ടുള്ളൂ. കഴിഞ്ഞ എട്ടുവർഷത്തിനിടെ ആയിരത്തോളം പേരാണ് വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഓരോ ആളുകൾ കൊല്ലപ്പെടുമ്പോഴും വനം മന്ത്രി പത്രസമ്മേളനം നടത്തി പാഴ് വാഗ്ദാനങ്ങൾ നിരത്തി മുതലക്കണ്ണീർ പൊഴിക്കുന്നതല്ലാതെ ഫലപ്രദമായ പ്രതിരോധ നടപടികൾ ഉണ്ടാവുന്നില്ല. പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. വനാതിർത്തികളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ വനംവകുപ്പിന്റെ കുറ്റകരമായ നിസംഗതയും സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും ഇനി അനുവദിക്കാനാവില്ല. വിവിധ നിയമങ്ങളിലൂടെയും വന്യജീവി ആക്രമണങ്ങളിലൂടെയും ജനങ്ങളെ കൂടിയൊഴിപ്പിക്കാനുള്ള സർക്കാരിന്റെ ഗൂഢനീക്കത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപതാ സമിതി അറിയിച്ചു.
രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ടെസി ബിജു പാഴിയാങ്കൽ, ഡെയ്സി ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.