വിമാനത്താവള റൺവേ വികസനം; നിരവധി കുടുംബങ്ങൾ ദുരിതത്തിൽ
1540354
Monday, April 7, 2025 1:06 AM IST
സ്വന്തം ലേഖകൻ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നത് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. വീടും സ്ഥലവും ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നിട്ട് എട്ടുവർഷം കഴിഞ്ഞിട്ടും സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചില്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി കാത്തിരിപ്പ് തുടരുകയാണ്.
എട്ടു വർഷം മുമ്പാണ് കീഴല്ലൂർ പഞ്ചായത്തിലെ കാനാട്, കോളിപ്പാലം ഭാഗത്തുള്ള വീട്ടുകാരെ മാറ്റി പാർപ്പിച്ചത്. വിമാനത്താവള പ്രദേശത്തുനിന്ന് മഴയിൽ വൻതോതിൽ കല്ലും മണ്ണും കുത്തിയൊഴുകിയതിനെ തുടർന്നായിരുന്നു ഇത്. ഇവരുടെ വീടും സ്ഥലവും ഉടൻ വിമാനത്താവളത്തിന് ഏറ്റെടുക്കുമെന്നും അതുവരെ വീട്ടുവാടക ഉൾപ്പടെ നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഇവയൊന്നും പാലിക്കപ്പെട്ടില്ല.
വർഷങ്ങൾ കഴിഞ്ഞിട്ടും പുനരധിവാസവും നഷ്ടപരിഹാരവും തേടി അലയുകയാണ് ഇവർ. നിരവധി വീടുകൾ കാടുകയറി നശിച്ചുകിടക്കുകയാണ്. ഭൂവുടമകളുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തി. പ്രദേശത്തെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരപരിപാടികൾ നടത്തി വരുന്നത്. റൺവേ വികസനത്തിനായി 245 ഏക്കർ ഭൂമിയാണ് കാനാട്, കോളിപ്പാലം ഭാഗത്തായി ഏറ്റെടുക്കാനുള്ളത്. ഇത് ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുന്നതിനൊപ്പം മാത്രമാണ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ തുകയും ലഭ്യമാക്കുകയെന്നാണ് അറിയിച്ചിട്ടുള്ളത്. 942.93 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടിവരിക.
2017 മേയ് മാസത്തിലാണ് വേനൽമഴയിൽ വിമാനത്താവള പദ്ധതി പ്രദേശത്തുനിന്ന് ചെളിയും വെള്ളവും കുത്തിയൊഴുകി സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുണ്ടാകുകയും കിണറുകൾ മൂടിപ്പോകുകയും ചെയ്തത്.
കാനാട്, കോളിപ്പാലം, കടാങ്കോട് ഭാഗങ്ങളിൽ ഉരുൾപൊട്ടലിന് സമാനമായ നാശനഷ്ടമാണ് സംഭവിച്ചത്. അന്നു കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ദുരന്തവിവാരണ സമിതി യോഗത്തിൽ ഇവരെ വാടക വീടുകളിലേക്ക് മാറ്റാനും ആറു മാസത്തിനകം വീടും സ്ഥലവും ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. വിമാനത്താവള കമ്പനിയായ കിയാൽ വാടക നൽകണമെന്നും ധാരണയായിരുന്നു. എന്നാൽ, എട്ടു മാസത്തോളം മാത്രമാണ് വാടക ലഭിച്ചത്. പിന്നീട് അധികൃതരെ സമീപിച്ചെങ്കിലു കാര്യമുണ്ടായില്ല. താമസിക്കാനാകാതെ കുടിയൊഴിഞ്ഞ കുടുംബങ്ങൾ ഇപ്പോൾ വാടക വീടുകളിലും മറ്റുമായി താമസിച്ചു വരികയാണ്.
ജനങ്ങളിൽ പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ മാസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രദേശം സന്ദർശിക്കുകയും സ്ഥല ഉടമകളിൽ നിന്ന് പരാതി കേൾക്കുകയും ചെയ്തിരുന്നു. പ്രദേശത്തുക്കാർ അനുവഭിക്കുന്ന പ്രയാസങ്ങൾ പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.