അവഗണനകൾക്കെതിരേ പ്രതികരണമുണ്ടാകും: കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ
1540352
Monday, April 7, 2025 1:06 AM IST
ചെന്പേരി: കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ തലശേരി അതിരൂപത നേതൃയോഗം ചെമ്പേരി അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും ക്രൈസ്തവർ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ അതിനെതിരെ ശക്തമായ നിലപാട് ഉണ്ടാകണമെന്ന് തീരുമാനിച്ചു. ക്രൈസ്തവ സമൂഹത്തെ അവഗണിച്ച് മുന്നോട്ടു പോകാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയാത്തവിധം രാഷ്ട്രീയ വളർച്ച നേടാൻ സമുദായ നേതൃത്വം വിവിധ ശാക്തീകരണപരിപാടികളിലൂടെ ലക്ഷ്യം വയ്ക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു.
ഇനിമേൽ ജനപ്രതിനിധികളുടെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഭാഗത്തുനിന്നും ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്ന നീക്കങ്ങളോ സമുദായ നേതാക്കളെ അപഹസിക്കുന്ന നിലപാടുകളോ ഉണ്ടായാൽ അതിനെതിരെ അതിശക്തമായി പ്രതികരിക്കാൻ കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ ഉണ്ടാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ഈ മാസം 27ന് പാലക്കാട് ടൗണിൽ നടത്തുന്ന കത്തോലിക്കാ കോൺഗ്രസ് ജന്മദിന സമ്മേളനത്തിനും മഹാറാലിക്കും മുന്നോടിയായി യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ അതിരൂപതയിലെ ഇരിട്ടി, ആലക്കോട്, കാസർഗോഡ് റീജിയനുകൾ കേന്ദ്രീകരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ക്രൈസ്തവ യുവജന മഹാസംഗമങ്ങൾ നടത്താൻ തീരുമാനിച്ചു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോ-ഓർഡിനേറ്റർ സിജോ കണ്ണേഴത്ത്, അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, അതിരൂപത യൂത്ത് കോ-ഓർഡിനേറ്റർമാരായ പാട്രിക്ക് കുരുവിള, എബിൻ കുമ്പുക്കൽ, ഷിന്റോ കൈപ്പനാനിക്കൽ, ബിജു ഈട്ടിക്കൽ, കിരൺ ഇലവുങ്കൽചാലിൽ, ജിസ് പുളിങ്ങോം, ബിനു കാഞ്ഞിരത്തിങ്കൽ, ജസ്റ്റിൻ കല്ലുവരപ്പറമ്പിൽ, റിജേഷ് തോമസ് എന്നിവർ പ്രസംഗിച്ചു.