പാലത്തിലേക്കുള്ള വഴി തകർന്നു: യാത്രക്കാർ ദുരിതത്തിൽ
1540345
Monday, April 7, 2025 1:06 AM IST
ആലക്കോട്: വെള്ളാട് കണ്ടത്തിൽ പീടിക-പത്തങ്ങാടി പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള പാലത്തിന്റെ പ്രവേശന വഴി ശോചനീയാവസ്ഥയിലായത് അപകടഭീഷണിയുയർത്തുന്നു. നടുവിൽ പഞ്ചായത്തിലെ കണിയൻചാൽ-പാറ്റാക്കളം വാർഡുകളെ ബന്ധിപ്പിച്ചുള്ളതും പത്തങ്ങാടി പ്രദേശത്തെ നിരവധി കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക മാർഗമാണ് പാലം.
കരുവഞ്ചാൽ പുഴയ്ക്ക് കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. കാൽനടയാത്രക്കുള്ള വീതി മാത്രമേ പാലത്തിനുള്ളൂ. ഈ പാലത്തിന്റെ പ്രവേശന വഴിയിൽ വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്.
കാലൊന്നു തെറ്റിയിൽ പുഴയിലോ കുഴിയിലോ വീഴുമെന്ന ഭീതിയിലാണ് യാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം പലരും ഈ കുഴിയിൽ വീണിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. പാലത്തിനോട് ചേർന്നുള്ള പുഴയുടെ ഭാഗം കെട്ടി സംരക്ഷണഭിത്തി നിർമിക്കുകയും സഞ്ചാരയോഗ്യമായ വഴി നിർമിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.