കൈയേറ്റത്തിന് റവന്യൂ വകുപ്പ് ഒത്താശയെന്ന്
1540348
Monday, April 7, 2025 1:06 AM IST
ചെന്പന്തൊട്ടി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിൽ കൊക്കായി പാലത്തിന്റെ ഇടതു ഭാഗത്ത് തോടിന്റെ ഇരുകരകളിലുമായി റീസർവേ നമ്പർ 104ൽ ഉൾപ്പെട്ട സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറിയത് റവന്യു വകുപ്പിന്റെ ഒത്താശയോടെയെന്ന് ആംആദ്മി പാർട്ടി കിസാൻ വിംഗ്.
അനധികൃത കൈയേറ്റം കാരണം കൊക്കായി പാലത്തിന്റെ പുനർനിർമാണവും റോഡിന്റെ 6.900 മുതൽ 7.200 കിലോമീറ്റർ വരെയുള്ള ദൂരത്തെ നവീകരണ പ്രവൃത്തിയും തടസപ്പെട്ടിരിക്കുകയാണ്. സ്വകാര്യ വ്യക്തികളുടെ കൈയേറ്റം പ്രസ്തുത 104 സർവേ നമ്പറിൽ ഉണ്ടെന്നും നടുവിൽ നെടിയേങ്ങ വില്ലേജുകളുടെ അതിർത്തിയായതുകൊണ്ട് താലൂക്ക് സർവേയറുടെ സേവനം ഉണ്ടെങ്കിൽ മാത്രമേ ഭൂമി അളന്നു തിട്ടപ്പെടുത്താൻ കഴിയൂവെന്നും നെടിയേങ്ങ വില്ലേജ് ഓഫീസർ അറിയിച്ചിരുന്നു.
റവന്യു വകുപ്പ് ഇടപെട്ട് കൈയേറ്റം ഒഴിപ്പിക്കണമെന്നും മഴക്കാലം തുടങ്ങും മുന്പ് കൊക്കായി പാലവും റോഡും പൂർത്തികരിക്കണമെന്നും എഎപി ആവശ്യപ്പെട്ടു.