ബാബുരാജിന് വിടചൊല്ലി നാട്
1540340
Monday, April 7, 2025 1:06 AM IST
പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി താരവും കേരള പോലീസിലെ അസി. കമാൻഡന്റുമായിരുന്ന പയ്യന്നൂർ അന്നൂരിലെ എം. ബാബുരാജിന് (60) നാടിന്റെ യാത്രാമൊഴി. വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ എത്തി.
ഐ.എം. വിജയൻ, യു. ഷറഫലി, കുരികേശ് മാത്യൂ, തോബിയാസ്, സി. എം. സുധീർ, എഡിസൺ, ശ്യാം സുന്ദർ, മെഹബൂബ്, സാജൻ, ഹബീബ് റഹ്മാൻ, ശ്രീനിവാസൻ, എം. സുരേഷ്, സക്കീർ ഹുസൈൻ, ഷാജി, കോച്ച് കുഞ്ഞികൃഷ്ണൻ, മറ്റ് ഫുട്ബോൾ താരങ്ങൾ, ആരാധകർ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവർ, നാട്ടുകാർ തുടങ്ങി ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയത്. പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ്കുമാർ, പയ്യന്നൂർ എസ്എച്ച്ഒ കെ.പി. ശ്രീഹരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു വിടനല്കൽ.
മൂരിക്കൊവ്വലിൽ നടന്ന അനുശോചന യോഗത്തിൽ കെ. കെ. ഗംഗാധരൻ അധ്യക്ഷനായിരുന്നു. യു. ഷറഫലി, പ്രഫ. കെ. രാജഗോപാലൻ, പോത്തേര കൃഷ്ണൻ, കെ.കെ. ഫൽഗുനൻ, കെ.ടി. സഹദുള്ള, ബി. സജിത് ലാൽ, സി. എച്ച്. അശോക്കുമാർ, കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.