പുഴയോര ശുചീകരണ യജ്ഞത്തിന് തുടക്കമായി
1540339
Monday, April 7, 2025 1:06 AM IST
പയ്യന്നൂര്‍: മാലിന്യമുക്ത നവകേരള ജനകീയ കാന്പയിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ പ്രധാന പുഴകളിലൂടെ ചാള്സണ് സ്വിമ്മിംഗ് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തുന്ന പുഴയോര ശുചീകരണ യജ്ഞത്തിന് തുടക്കമായി. പെരുമ്പ പുഴ, കുപ്പം പുഴ, വളപട്ടണം പുഴ, മാഹി പുഴ, രാമന്തളി പുഴ, കവ്വായി കായൽ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തുന്നത്.
പുഴകളെ മലിനമാക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുഴകളെ ഭംഗിയോടെ നിലനിർത്തുകയാണ് ശുചീകരണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നലെ രാവിലെ പെരുമ്പപുഴയില്‍ പയ്യന്നൂര്‍ നഗരസഭ വൈസ്ചെയര്‍മാന്‍ പി.വി. കുഞ്ഞപ്പന് നിര്‍വഹിച്ചു.
തുടര്‍ന്ന് പെരുമ്പ മുതല്‍ പാലക്കോട് അഴിമുഖം വരെയുള്ള പുഴയുടെ ഇരുകരകളിലുമുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു. കയാക്കിംഗ് തോണികളും നാടന്‍ വള്ളങ്ങളും ഫൈബര്‍ വള്ളങ്ങളും ഉപയോഗിച്ചാണ് പുഴയിലെ ശുചീകരണം നടത്തിയത്. ഇന്നലെ നടന്ന ശുചീകരണ യജ്ഞത്തിന്റെ സമാപനോദ്ഘാടനം രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ നിര്‍വഹിച്ചു.
ഫൈബർ ഓടത്തിലും നാടൻ വള്ളങ്ങളിലും നിറഞ്ഞു കവിഞ്ഞ പ്ലാസ്റ്റിക് കുപ്പികളടങ്ങുന്ന മാലിന്യങ്ങളാണ് ഇന്നലെ ഇവർക്ക് ശേഖരിക്കാനായത്. മാലിന്യ മുക്ത പദ്ധതിയുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ വന്നതോടെ പുതിയ പ്ലാസ്റ്റിക് ഇനങ്ങൾ വളരെ കുറവായിരുന്നു.
വർഷങ്ങൾക്ക് മുമ്പേ പുഴയോരങ്ങളിൽ അടിഞ്ഞുകൂടി കിടക്കുകയായിരുന്ന മാലിന്യങ്ങളാണ് ശേഖരിച്ച് പുഴയെ ശുചീകരിച്ചതെന്നും പരിപാടിക്ക് നേതൃത്വം നൽകിയ ചാൾസൺ ഏഴിമല പറഞ്ഞു.13ന് കുപ്പം-പഴയങ്ങാടി പുഴയിലും തുടർന്ന് വളപട്ടണം പുഴ, മാഹി പുഴ, രാമന്തളി ഏറന്‍ പുഴ, കവ്വായി കായൽ എന്നിവിടങ്ങളിലായി ശുചീകരണം നടത്തും.