അടയ്ക്കാത്തൊണ്ടു കൊണ്ട് ഇമ്മാനുവലിന്റെ ജൈവവളം
1540342
Monday, April 7, 2025 1:06 AM IST
ചെറുപുഴ: പാഴാക്കിക്കളയുന്ന അടയ്ക്കാത്തൊണ്ടു കൊണ്ട് മികച്ച ജൈവവളമുണ്ടാക്കുകയാണ് തിരുമേനിയിലെ ചെമ്പരത്തിക്കൽ ഇമ്മാനുവൽ എന്ന കർഷകൻ. അടയ്ക്കാ പൊളിച്ചു കഴിഞ്ഞാൽ പിന്നീട് തൊണ്ട് കത്തിച്ചുകളയുകയോ കൃഷിയിടത്തിലെവിടെയെങ്കിലും കൂട്ടിയിടുകയോ ചെയ്യാറാണു പതിവ്. എന്നാൽ ഇമ്മാനുവൽ അടയ്ക്കാ തൊണ്ടിനെ മികച്ച ജൈവവളമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
തിരുമേനി ചട്ടിവയലിലെ തന്നെ മൂന്നേക്കർ കൃഷിയിടത്തിലാണ് അടയ്ക്കാത്തൊണ്ടു കൊണ്ട് ജൈവവളം നിർമിക്കുവാനുള്ള ടാങ്ക് ഇമ്മാനുവൽ നിർമിച്ചിരിക്കുന്നത്. അഞ്ചുമീറ്റർ നീളവും മൂന്നു മീറ്റർ വീതിയും രണ്ടുമീറ്റർ ആഴവുമുള്ള ടാങ്കാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ അടയ്ക്കാ ത്തൊണ്ട് ആദ്യം ഇടുന്നു. അതിന് മുകളിൽ ചാണകമിടും. ഇങ്ങനെ ആവർത്തിച്ച് ആവർത്തിച്ച് ഇടും. ആഴ്ചയിൽ ഒന്ന് നനച്ചു കൊടുക്കണം. ഇടയ്ക്ക് കിളച്ച് ഇളക്കി ഇടണം. അഞ്ച് മാസം കൊണ്ട് അടയ്ക്കാ തൊണ്ട് പൊടിഞ്ഞ് ചാണകവുമായി ചേർന്ന് മികച്ച ജൈവവളമായി മാറും.
മേയ് മാസത്തിൽ ഇടുകയാണെങ്കിൽ നനയ്ക്കൽ ഒഴിവാക്കാം. തെങ്ങിനും കമുകിനുമൊക്കെ താൻ നിർമിക്കുന്ന ഈ ജൈവവളമാണ് ഉപയോഗിക്കുന്നതെന്ന് ഇമ്മാനുവൽ പറയുന്നു.
400 ചാക്ക് അടയ്ക്കാത്തൊണ്ടും 300 കുട്ട ചാണകവും ടാങ്കിൽ ഇടാം. തന്റെ മൂന്നേക്കർ കൃഷിയിടത്തിൽ നിന്നും 10 ക്വിന്റൽ അടയ്ക്കയും 7,000 തേങ്ങയും ഉത്പാദിപ്പിക്കുന്ന മികച്ച കർഷകനാണ് ഇമ്മാനുവൽ.