വേനൽ മഴയിൽ മലയോരത്തെ റോഡുകൾ അപകടാവസ്ഥയിൽ
1540336
Monday, April 7, 2025 1:06 AM IST
ഉളിക്കൽ: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ജൽജീവൻ മിഷന്റെ പ്രവൃത്തി നടന്ന പ്രദേശങ്ങളിലെ റോഡിന്റെ ഇരുവശങ്ങളിലേയും മണ്ണൊലിച്ച് പോയതോടെ പ്രദേശ വാസികൾ ദുരിതത്തിൽ. ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട്-അറബി റോഡിലാണ് കാൽനടയാത്രപോലും ദുഷ്കരമായി മാറിയത്. മണ്ണൊലിച്ച് പോയതോടെ വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. കുടിവെള്ള പദ്ധതിക്കായി റോഡിന്റെ വശങ്ങളിൽ ജെസിബി ഉപയോഗിച്ച് ആഴത്തിൽ മണ്ണ് നീക്കി വലിയ പൈപ്പ് സ്ഥാപിച്ചിരുന്നു. പൈപ്പ് സ്ഥാപിച്ച സ്ഥാലങ്ങളിൽ മണ്ണിട്ട് മൂടിയിരുന്നുവെങ്കിലും കോൺക്രീറ്റ് ചെയ്യാനുണ്ടായ കാലതാമസമാണ് ജനങ്ങളെ ദുരുതത്തിലാക്കിയത്.
ഇപ്പോൾ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ കാൽനടയത്രയോ പോലും ഈ റോഡിൽ ദുഷ്കരമാണ്. ഇതുസംബന്ധിച്ച് ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ വാട്ടർ അതോറിറ്റിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. റോഡുകൾ കുത്തിപ്പൊളിച്ചശേഷം പണി പൂർത്തികരിക്കാതെ മലയോര മേഖലയിലെ നിരവധി പഞ്ചയത്തുകളാണ് ദുരിതമനുഭവിക്കുന്നതെന്നും പദ്ധിതി നടത്തിപ്പുകാരയ വാട്ടർ അതോറിറ്റിയുടെ മെല്ലെപ്പോക്കാണ് റോഡ് അപകടാവസ്ഥയിലാകാൻ കാരണമെന്നും ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി പറഞ്ഞു.
കഴിഞ്ഞ മഴക്കാലത്തും റോഡിന് സൈഡിലെ മണ്ണൊലിച്ച് പോയി അപകടഭീഷണിയുയർത്തിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ഈ വിഷയത്തിൽ വാട്ടർ അതോറിറ്റി അടിയന്തരമായിടപെട്ട് ജനങ്ങളുടെ യാത്ര സൗകര്യം ഉറപ്പാക്കണമെന്ന് ഉളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി മൂക്കനോലിയും ആവശ്യപ്പെട്ടു.