ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട്, കാറ്റിലും മഴയിലും വ്യാപക നാശം
1537531
Saturday, March 29, 2025 1:56 AM IST
ചെറുപുഴ: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ ചെറുപുഴ ബസ് സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെള്ളം ഒഴുകിപ്പോകാൻ ഇട്ടിരുന്ന ഓവുചാൽ മാലിന്യങ്ങൾ വന്നടിഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകാതെ ബസ് സ്റ്റാൻഡിൽ കെട്ടിക്കിടക്കുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ കുടുങ്ങുകയും ചെയ്തു. വാഹനങ്ങൾക്കും യാത്രക്കാർക്കും സ്റ്റാൻഡിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം വെള്ളമിറങ്ങിയപ്പോൾ സ്റ്റാൻഡ് മുഴുവൻ ചെളിയിൽ മൂടി.
വേനൽമഴയോടൊപ്പം എത്തിയ കാറ്റിൽ കാർഷിക വിളകൾക്ക് വ്യാപക നാശം. മച്ചിയിൽ, മുണ്ടർകാനം എന്നിവിടങ്ങളിൽ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകളും ഫലവൃക്ഷങ്ങളും നശിച്ചു. മച്ചിയിൽ ഭാഗത്ത് മൂന്നും മുണ്ടർ കാനത്ത് രണ്ടും വൈദ്യുതി തൂണുകൾ മരം വീണ് ഒടിഞ്ഞു. വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി പൊട്ടിയ വൈദ്യുതി തൂണുകൾ മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
ചെറുപുഴ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിന്റെ മുകളിലെ നിലയിൽ നിന്നും കോൺക്രീറ്റ് അടർന്നു റോഡിലേയ്ക്ക് വീണു. ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലുമാണ് സപ്ലെക്കോയ്ക്ക് എതിർ വശത്തെ കെട്ടിടത്തിന്റെ സൺഷേഡിന്റെ ഭാഗങ്ങൾ അടർന്നു വീണത്. കാൽനട യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന റോഡിലേയ്ക്കാണ് കോൺക്രീറ്റ് അടർന്നുവീണത്. അപകടസമയത്ത് റോഡിൽ ആരുമില്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്. പഞ്ചായത്ത് എഇ പി.വി. ഹർഷിത്ത്, ഓവർസിയർമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.