ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു
1537076
Thursday, March 27, 2025 7:37 AM IST
തലശേരി: സമൂഹത്തിലാകമാനം അസ്വസ്ഥത സൃഷ്ടിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും അതിനോടനുബന്ധിച്ച് സംഭവിക്കുന്ന അക്രമപ്രവർത്തനങ്ങൾക്കും സംഘർഷങ്ങൾക്കുമെതിരെ തലശേരി അതിരൂപത അമല പ്രോ ലൈഫിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു.
തലശേരി സന്ദേശഭവനിൽ നടന്ന സംഗമത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ഇന്നത്തെ സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന വിവിധങ്ങളായ അസ്വസ്ഥതകൾ എന്ന വിഷയത്തിൽ ഫാമിലി അപ്പൊസ്തൊലേറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട് ക്ലാസ് നയിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ആയിരം കേന്ദ്രങ്ങളിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ലഹരിവിരുദ്ധ പോരാട്ടങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു. തുടർന്ന് ലഹരിവസ്തുക്കൾക്കെതിരേ ബോധവത്കരണം നൽകുന്ന പ്ലക്കാർഡുകളുമായി നടത്തിയ റാലിക്ക് വിശ്വാസപരിശീലന ഡയറക്ടർ റവ.ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ നേതൃത്വം നൽകി. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽ നിന്നായി നൂറ്റിയിരുപതോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.