ഗവ. മെഡിക്കൽ കോളജിലെ പാന്പ് ശല്യം; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി
1538085
Sunday, March 30, 2025 7:48 AM IST
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പാന്പ് ഉൾപ്പടെയുള്ള ഇഴജന്തുക്കളുടെ ശല്യം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ട പ്രകാരം മെഡിക്കൽ കോളജ് അധികൃതർ റിപ്പോർട്ട് സമർപ്പിച്ചു. മെഡിക്കൽ കോളജിലെ പാന്പ് ശല്യം സംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രിൻസിപ്പൽ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പാന്പുൾപ്പടെയുള്ള ഇഴജന്തു ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ക്രിയാത്മക നടപടികൾ സ്വീകരിച്ചു വരുന്നതായി അറിയിച്ചു. ടി.ബി. സാനിറ്റോറിയം പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് 1995ൽ പരിയാരം സഹകരണ മെഡിക്കൽ കോളജായി രൂപാന്തരപ്പെടുത്തിയതെന്നും 119 ഏക്കറോളം സ്ഥലത്ത് ഇഴജന്തു സാന്നിധ്യമുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കൊപ്പം ചുറ്റുമുള്ള സ്ഥലം ഇന്റലോക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. കാട് വൃത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. പത്രവാർത്തയിൽ പരാമർശിച്ച പാന്പ് കാട്ടുപാമ്പ് എന്ന വിഷമില്ലാത്ത പാമ്പാണെന്ന് കണ്ടെത്തിയെന്നും ഇതൊഴിവാക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷമില്ലാത്ത പാമ്പിന്റെ സാന്നിധ്യം പൂർണമായും ഇല്ലാതാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ തേടിയെന്നും ഇവ നടപ്പാക്കി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രിൻസിപ്പലിന്റെ റിപ്പോർട്ട് സ്വീകരിച്ച കമ്മീഷൻ കേസ് തീർപ്പാക്കി.