ആശാ വർക്കർമാർ കളക്ടറേറ്റ് മാർച്ച് നടത്തി
1538077
Sunday, March 30, 2025 7:47 AM IST
കണ്ണൂര്‍: ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന സമരം ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ. ഷീല ഉദ്ഘാടനം ചെയ്തു.
ആശാ വര്‍ക്കേഴ്സിന്റെ സമരം സമീപകാല കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ മുന്നേറ്റവും സ്ത്രീ മുന്നേറ്റവുമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് കെ.ജെ. ഷീല പറഞ്ഞു. മിനിമം വേതനം 700 രൂപ വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഈ സമരം വിജയം കണ്ടേ അവസാനിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് റോസ്ലി ജോണ്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി രശ്മി രവി, ഡോ. ഡി. സുരേന്ദ്രനാഥ്, എന്‍. സുബ്രഹ്മണ്യന്, എം.കെ. ജയരാജന്, അനൂപ് ജോണ്‍, പി.പി. മോഹനന്, ഗീതാ രാജു, മേരി ഏബ്രഹാം, പി. ത്രേസ്യാ, മിനി സിറിയക് എന്നിവർ പ്രസംഗിച്ചു.