ആനപ്പന്തി പാലം മഴക്കാലത്തിന് മുന്പ് ഗതാഗതയോഗ്യമാക്കും
1537155
Friday, March 28, 2025 12:53 AM IST
ഇരിട്ടി: മലയോര ഹൈവേയിൽ നിർമാണത്തിലുള്ള ആനപ്പന്തി പാലം മഴക്കാലത്തിന് മുന്പ് ഗതാഗതയോഗ്യമാക്കും. ഇരിട്ടി -പേരാവൂർ റോഡ് നവീകരണം പൂർത്തിയാക്കിയപ്പോൾ അവശേഷിച്ച 600 മീറ്റർ ഭാഗം ടെൻഡർ സേവിംഗ്സ് (ലേല ബാക്കി) തുക ഉപയോഗിച്ചു പൂർത്തീകരിക്കാൻ റിവൈസ്ഡ് എസ്റ്റിമേറ്റ് സമർപ്പിക്കും. സണ്ണി ജോസഫ് എംഎൽഎ വിളിച്ച പേരാവൂർ നിയോജക മണ്ഡലംതല മരാമത്ത് - കെഎസ്ടിപി -കെആർഎഫ്ബി അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
അഞ്ച് കോടി രൂപയ്ക്ക് കരാർ നൽകിയ ഇരിട്ടി - പേരാവൂർ റോഡ് നവീകരണം പൂർത്തിയാക്കിയപ്പോൾ പ്രവൃത്തി പേരാവൂർ ടൗൺ വരെ എത്തിയിരുന്നില്ല. 600 മീറ്റർ മുന്പ് എസ്റ്റിമേറ്റിൽ കാണിച്ച ദൂരം പൂർത്തിയായതാണ് കാരണം. നിർദിഷ്ട പ്രവൃത്തി ടെൻഡർ നടത്തിയപ്പോൾ കുറവ് വന്ന മരാമത്തിന്റെ കൈവശം ഉള്ള തുക ഉപയോഗപ്പെടുത്തി അടിയന്തരമായി റിവൈസ്ഡ് എസ്റ്റിമേറ്റ് സമർപ്പിക്കാൻ എംഎൽഎ ഉദ്യോഗസ്ഥരോടു നിർദേശിക്കുകയായിരുന്നു.
മലയോര ഹൈവേയിൽ വള്ളിത്തോട് -മണത്തണ റീച്ചിൽ നടക്കുന്ന നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ ജൂൺ ഏഴിനാണ് കരാർ പ്രകാരം പൂർത്തീയാക്കേണ്ടത്. ഇത്രയും കാത്തുനിൽക്കാതെ മേയ് 30 നകം പൂർത്തീകരിക്കാൻ കരാറുകാർക്ക് നിർദേശം നൽകാനും തീരുമാനിച്ചു.
പെരുമ്പുന്ന- എടത്തൊട്ടി (3.85 കോടി രൂപ), വിളക്കോട് -അയ്യപ്പൻകാവ് (മൂന്ന് കോടി രൂപ) റോഡ് പ്രവൃത്തികൾ മഴയ്ക്ക് മുൻപ് പൂർത്തീകരിക്കണം. മണത്തണ -ഓടൻതോട് റോഡിൽ ബജറ്റ് പ്രകാരം മാറ്റിവച്ച സഖ്യ ഉപയോഗിച്ചു പ്രവൃത്തി ഓടൻതോട് പാലം വരെ നീട്ടുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണം. വിവിധ മരാമത്ത് പ്രവർത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. അവലോകന യോഗത്തിൽ മരാമത്ത് കെട്ടിട നിർമാണ് എക്സിക്യുട്ടീവ് എൻജിനിയർ ഷാജി തയ്യിൽ, കെആർഎഫ്ബി അസി. എക്സിക്യുട്ടീവ് എൻജിനിയർ പി. സജിത്, റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ടി.വി. രേഷ്മ , കെഎസ്ടിപി അസി. എൻജിനിയർ കെ. രേഷ്മ, കെആർഎഫ്ബി അസി. എൻജിനിയർ ടി.കെ. റോജി, അറ്റകുറ്റപണി വിഭാഗം അസി. എൻജിനിയർ ഐ.കെ. മിഥുൻ, ബിആർഡി അസി. എൻജിനിയർ സി. ബിനോയി, സണ്ണി ജോസഫ് എംഎൽഎയുടെ പിഎ മുഹമ്മദ് ജസീൽ എന്നിവർ പങ്കെടുത്തു.