കണ്ണൂർ കോർപറേഷന് 504 കോടിയുടെ ബജറ്റ്
1537153
Friday, March 28, 2025 12:53 AM IST
കണ്ണൂര്‍: നഗര വികസനം, സംരംഭക പ്രോത്സാഹനം, അടിസ്ഥാന സൗകര്യങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവക്കെല്ലാം പ്രാധാന്യം നല്‍കികൊണ്ട് 2025-26 വര്‍ഷത്തെ കോര്പറേഷന് ബജറ്റ് ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര അവതരിപ്പിച്ചു. 2025-26 വര്‍ഷത്തെ മതിപ്പ് ബജറ്റിന്റെ പൊതുകണക്കില്‍ 83,97,31,711 രൂപ മുന്‍ നീക്കിയിരിപ്പും 504,91,24,548 രൂപയുടെ വരവും 504,41,44,666 രൂപയുടെ ചെലവും 84,47,11,593 രൂപയുടെ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്.
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയേകികൊണ്ട് അവര്‍ക്ക് പ്രതിമാസം 2000 രൂപ വീതം ഇന്‍സെന്റീവ് നൽകുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഡിപിസിയുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ തനത് ഫണ്ടില്‍ നിന്ന് തുക അനുവദിക്കും. സുരക്ഷിതമായ നൈറ്റ് ലൈഫ് എന്ന ആശയം മുന്‍നിര്‍ത്തി സൗത്ത് ബസാറില്‍ കോര്പറേഷന് സ്ഥലത്ത് നൈറ്റ് മാര്‍ക്കറ്റ് നിര്‍മിക്കാനായി ഒരുകോടി അനുവദിച്ചു. പടന്ന ഡിവിഷനിലെ മരക്കാര്‍കണ്ടിയില്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടുന്ന വ്യാപാര-താമസ സമുച്ഛയം പണിയാന്‍ പ്രാരംഭ പ്രവൃത്തിക്കായി ഒരുകോടിയും വകയിരുത്തി.
കോര്പറേഷന് പരിധിയിലെ പുതിയ റോഡുകളോടൊപ്പം പൊതു കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും മരാമത്ത് പ്രവൃത്തികള്‍ നടത്തുതിനും 50 കോടി നീക്കിവെച്ചു. 55 ഡിവിഷനുകളിലും 500 മീറ്ററോളം റോഡ് ഇരുഭാഗവും സൗന്ദര്യവല്‍ക്കരണം നടത്തി മാതൃകാ റോഡാക്കി മാറ്റാന്‍ 14 കോടി രൂപ നീക്കിവച്ചു. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 50 ലക്ഷവും സ്റ്റേഡിയം കോര്‍ണറിലെ ഓപ്പണ്‍ സ്റ്റേജ് നവീകരിക്കാന്് 20 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. നഗരസൗന്ദര്യത്തിനായി ഒരുകോടി നീക്കിവെച്ചിട്ടുണ്ട്.
ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം
കണ്ണൂര്‍: കോര്പറേഷന് ബജറ്റ് അവതരണ യോഗത്തിനിടെ കൗണ്‍സില്‍ ഹാളില്‍ പ്രതിപക്ഷ പ്രതിഷേധം. രാവിലെ ഡെപ്യൂട്ടി മേയര്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായാണ് എൽഡിഎഫ് അംഗങ്ങളും ബിജപി അംഗവും പ്രതിഷേധവുമായെത്തിയത്. കൗണ്‍സില്‍ ഹാളിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലായില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
ബിജെപി കൗണ്‍സിലര്‍ വി.കെ ഷൈജു മേയറുടെ ചേംബറിന് മുന്നില്‍ പ്ലാക്കാര്‍ഡുമായി പ്രതിഷേധിച്ചു. തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ ഷൈജുവിനെ ബലമായി പിടിച്ച് മാറ്റുകയും ചെയ്തു. ഇതിനിടെ ഷൈജുവിന്റെ കൈയില്‍ നിന്ന് കോണ്‍ഗ്രസ് അംഗം ടി.ഒ മോഹനന് പ്ലാക്കാര്ഡ് പിടിച്ച് വാങ്ങി കീറിയതോടെ ഷൈജു ഇത് ചോദ്യം ചെയ്യാനെത്തുകയും യുഡിഎഫ് അംഗങ്ങള്‍ അദ്ദേഹത്തെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് കൈയാങ്കളിലായാണ് അവസാനിച്ചത്.