രണ്ടാം പിണറായി സർക്കാർ നാലാം വാർഷികം; ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു
1538082
Sunday, March 30, 2025 7:47 AM IST
കണ്ണൂർ: മേയ് എട്ട് മുതൽ 14 വരെ നടക്കുന്ന രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ജില്ലാ സംഘാടക സമിതി രൂപീകരിച്ചു.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചെയർമാനായും സ്പീക്കർ എ.എൻ. ഷംസീർ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവർ രക്ഷാധികാരികളുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ജനറൽ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ് കൺവീനറുമാണ്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ.പി. മോഹനൻ, കെ.വി. സുമേഷ്, എഡിഎം സി. പദ്മചന്ദ്രകുറുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ് എന്നിവർ പ്രസംഗിച്ചു. നാലാം വാർഷികവുമായി ബന്ധപ്പെട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറക്കിയ ഡോക്യുമെന്ററി പരമ്പരയിലെ ആദ്യ മൂന്ന് ഡോക്യുമെന്ററികൾ മന്ത്രി പ്രകാശനം ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ സി. നിതിൻരാജ്, റൂറൽ എസ്പി അനൂജ് പലിവാൾ, മുൻ എംഎൽഎ എം.വി. ജയരാജൻ, സിഡ്കോ ചെയർമാൻ സി.പി. മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ സ്ഥാപന മേധാവികൾ, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതല യോഗം മേയ് ഒമ്പതിന് രാവിലെ 10.30 ന് കണ്ണൂർ താണ സാധു കല്യാണ മണ്ഡപത്തിൽ നടക്കും.