ദീപിക 138-ാം വാര്‍ഷികാഘോഷവും പുരസ്കാര സമര്‍പ്പണവും 29ന് ആലക്കോട്
1537077
Thursday, March 27, 2025 7:37 AM IST
കണ്ണൂർ: മലയാളത്തിന്റെ പ്രഥമ ദിനപത്രമായ ദീപികയുടെ 138-ാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വാർഷികാഘോഷവും പുരസ്കാര സമർപ്പണവും 29ന് വൈകുന്നേരം അഞ്ചിന് ആലക്കോട് നടുപ്പറന്പിൽ കൺവൻഷൻ സെന്ററിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ജെപ്സ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സി.വി. നിധീഷ്, ബംഗളൂരു എസ്എഫ്എസ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ബിനു എടുത്തുംപറന്പിൽ, ഹൃദയരാം കൗൺസിലിംഗ് സെന്റർ ഫൗണ്ടർ ഡയറക്ടർ സിസ്റ്റർ ഡോ. ട്രീസ പാലക്കൽ എസ്എച്ച്, കോഴിക്കോട് എലാൻസ ഡിസൈൻ സ്റ്റുഡിയോ ഡയറക്ടർമാരായ ടി.ഡി ഫ്രാൻസിസ്-ജെയ്സി ഫ്രാൻസിസ് ദന്പതികൾ, എറണാകുളം സവിത്ര് സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ രാജേഷ് വെങ്ങിലാട്ട്, ചെയർമാൻ ജിജി തോമസ്, കരുവഞ്ചാൽ സെന്റ് ജോസ്ഫ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഏബ്രഹാം പുതുശേരി, നടുവിൽ മാർട്ടിൻസ് സ്മൈൽ ഡെന്റൽ കെയർ എംഡി ഡോ. മാർട്ടിൻ റിച്ചാർഡ്സ്, പത്ര വാർത്താവിതരണരംഗത്തെ മലയോരമേഖലയിലെ സജീവ സാന്നിധ്യം തോമസ് അയ്യങ്കനാൽ, സീസർ ഇന്റീരിയോ ഡിസൈൻ മാനേജിംഗ് ഡയറക്ടർ സജി ജോസഫ് പുതനപ്ര, ശ്രീകണ്ഠപുരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി, മാനേജർ ബ്രദർ ജോണി സിഎസ്ടി എന്നിവരെയാണ് ദീപിക പുരസ്കാരം നൽകി ആദരിക്കുന്നത്.
ചലച്ചിത്രതാരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകും.
ദീപിക 138ാം വാർഷികാഘോഷ പ്രത്യേക പതിപ്പിന്റെ പ്രകാശനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി നിർവഹിക്കും. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കെ.കെ. സാജു, രാഷ്ട്രദീപിക ലിമിറ്റഡ് വൈസ് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർമാരായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ബെന്നി വാഴപ്പള്ളിൽ, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ജനറൽ മാനേജർ കെ.സി. തോമസ് എന്നിവർ ആശംസകളർപ്പിക്കും.
ദീപിക കണ്ണൂർ സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. മാത്യു വലിയപറന്പിൽ സ്വാഗതവും മാർക്കറ്റിംഗ് അസി. ജനറൽ മാനേജർ ജോസ് ലൂക്കോസ് നന്ദിയും പറയും. ആലക്കോട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന പ്രയർ ഡാൻസോടു കൂടിയാണ് വാർഷികാഘോഷ പരിപാടികൾ ആരംഭിക്കുക. പ്രശസ്ത കലാകാരന്മാര് അണിനിരക്കുന്ന കലാസന്ധ്യയും അരങ്ങേറും.