മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിൻ: കണ്ണൂർ ലക്ഷ്യത്തിലേക്ക്
1538084
Sunday, March 30, 2025 7:47 AM IST
കണ്ണൂർ: 2024 ഒക്ടോബർ രണ്ട് മുതൽ സംസ്ഥാനത്ത് ആരംഭിച്ച മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിൻ കണ്ണുർ ജില്ല മാർച്ച് മുപ്പതോടെ ലക്ഷ്യം കൈവരിക്കും. ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത വിദ്യാലയങ്ങള്‍-ഹരിത കലാലയങ്ങൾ-ഹരിത പട്ടണങ്ങൾ, ഹരിത ഇടങ്ങൾ ഹരിത സ്ഥാപനങ്ങൾ എന്നീ മേഖലകളിലാണ് മാലിന്യ മുക്ത കേന്ദ്രങ്ങളെന്ന ലക്ഷ്യം കൈവരിച്ചത്.
ജില്ലയിലെ 1474 വിദ്യാലയങ്ങളും 20244 അയൽ കൂട്ടങ്ങളും ഈ കാലയളവിൽ ഹരിത പദവി നേടി. ജില്ലയിലുള്ള 131 കലാലയങ്ങളും ഹരിത കലാലയ പദവി കൈവരിച്ചിട്ടുണ്ട്.
ജില്ലയിൽ 369 പട്ടണങ്ങളിൽ 343 പട്ടണങ്ങൾ ഇതിനകം ഹരിത പട്ടണങ്ങളായി. 279 പൊതുഇടങ്ങളിൽ 268ഇടങ്ങൾ ഹരിത ഇടങ്ങളായി മാറി. ബസ് സ്റ്റോപ്പുകൾ, മൈതാനങ്ങൾ, പൊതുജനം സമ്മേളിക്കുന്ന മറ്റിടങ്ങൾ എന്നിവയാണ് ഹരിത ഇടങ്ങളായി മാറ്റിയത്.
ജില്ലയിലെ 3168 സ്ഥാപനങ്ങളിൽ 3037 സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളായും 34 ടൂറിസം കേന്ദ്രങ്ങളിൽ 74 ശതമാനവും ഹരിത ടൂറിസം കേന്ദ്രങ്ങളായും മാറിക്കഴിഞ്ഞു. ഹരിത ശുചിത്വ പഞ്ചായത്തുകളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഏപ്രിൽ മൂന്നിന് ബ്ലോക്ക്തല പ്രഖ്യാപനങ്ങളും ഏപ്രിൽ അഞ്ചിന് ജില്ലാ തല പ്രഖ്യാപനവും നടത്തും.